currency

സർവകലാശാല ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ ബാദ്ധ്യത ബന്ധപ്പെട്ട സർവകലാശാല തന്നെ ഏറ്റെടുക്കണമെന്ന സർക്കാർ തീരുമാനം പുതിയ വിവാദങ്ങൾക്കു വഴിതുറന്നേക്കാം. എങ്കിലും അത് ഒരു അനിവാര്യതയാണെന്ന യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവരും. കാരണം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അതിദയനീയമായ സ്ഥിതിയിലാണ് ഇപ്പോൾ . മാസശമ്പളം നൽകാൻ തന്നെ എല്ലാ മാസവും കടമെടുക്കേണ്ടിവരുന്നു. ശമ്പളവും പെൻഷനും പലിശ ബാദ്ധ്യതയും നിറവേറ്റിക്കഴിഞ്ഞാൽ പൊതുആവശ്യങ്ങൾക്കായി ചെലവിടാൻ അധികമൊന്നും മിച്ചം കാണില്ല. അഞ്ചുവർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണവും വലിയ ബാദ്ധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്.

ധനവകുപ്പിന്റെ പുതിയ ഉത്തരവു പ്രകാരം സർവകലാശാലകൾ സ്വന്തമായി പെൻഷൻ ഫണ്ടും പെൻഷൻ ബോർഡും രൂപീകരിക്കണമെന്നാണു നിർദ്ദേശം. ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരുന്ന തുക പെൻഷൻ ഫണ്ടിലേക്കു മാറ്റണമെന്നു നിഷ്കർഷയുണ്ടെങ്കിലും ഇതിൽ പത്ത് ശതമാനം സർക്കാർ നൽകുന്ന ഗ്രാന്റിൽ തട്ടിക്കഴിക്കാം. പതിനഞ്ചു ശതമാനമേ സർവകലാശാല തനതു ഫണ്ടിൽ നിന്ന് കണ്ടെത്തേണ്ടതുള്ളൂ. 2013 മുതൽ കേന്ദ്ര സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിരുന്നു. സംസ്ഥാനത്തും ഭാഗികമായി അത് നിലവിൽ വന്നിരുന്നു. എന്നാൽ സർവീസ് സംഘടനകളുടെ എതിർപ്പുകാരണം പൊതുവേ അതിന് വലിയ അംഗീകാരം ലഭിച്ചില്ല. എങ്കിലും ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണിപ്പോൾ.

സേവനകാലം പൂർത്തിയാക്കി വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുക എന്നത് ആരുടെയും ഔദാര്യമല്ല. സ്റ്റേറ്റിന്റെ അതല്ലെങ്കിൽ അവർ ജോലി നോക്കിയിരുന്ന സ്ഥാപനത്തിന്റെ ബാദ്ധ്യതയാണത്. പെൻഷൻ ബാദ്ധ്യത അപ്പാടെ സർക്കാർ തന്നെ വഹിക്കണമെന്ന ആവശ്യം പല കാരണങ്ങളാൽ ഇന്ന് സ്വീകാര്യമല്ല. പരിഷ്‌‌കൃത രാജ്യങ്ങളിൽ എല്ലാവിഭാഗത്തിലുമുള്ളവർക്ക് ഏതെങ്കിലും വിധത്തിലുള്ള പെൻഷൻ നൽകാൻ സുശക്തമായ സംവിധാനങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സംഘടിത വിഭാഗത്തിൽപ്പെട്ടവർക്കാണ് നിയമാധിഷ്ഠ പെൻഷന് അർഹതയുള്ളത്.

സർവകലാശാലകൾ ഇനിമുതൽ പെൻഷൻ ഫണ്ട് രൂപീകരിച്ച് പെൻഷൻ ബാദ്ധ്യത പൂർണമായും ഏറ്റെടുക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ ഇതിനാവശ്യമായ പണം കണ്ടെത്താൻ മാർഗം തേടണം. സർക്കാർ ഗ്രാന്റിനെ മാത്രം ആശ്രയിച്ചു നടക്കുന്ന കാര്യമല്ലത്. പെൻഷൻ ഫണ്ട് രൂപീകരിച്ചിട്ടുള്ള സർവകലശാലകൾ സംസ്ഥാനത്തു ഇല്ലെന്നുതന്നെ പറയാം. സർക്കാർ ആ ബാദ്ധ്യത ഏറ്റെടുത്തു നടപ്പാക്കിയിരുന്നതിനാൽ ഒരു വിഷമവും അറിഞ്ഞിരുന്നില്ല. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ കാര്യങ്ങൾ മാറുകയാണ്. വരുമാനം കൂട്ടാൻ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കേണ്ടിവരും. ഭരണച്ചെലവ് കുറച്ചും ഫീസുകൾ വർദ്ധിപ്പിച്ചും സർക്കാരിൽ നിന്ന് ഉയർന്ന തോതിൽ ഗ്രാന്റ് സമ്പാദിച്ചുമൊക്കെ സർവകലാശാലകൾക്ക് വരുമാനം വർദ്ധിപ്പിക്കാവുന്നതാണ്. ക്രിയാത്മകമായ പരിഷ്കാരങ്ങളിലൂടെ അവ നടപ്പാക്കണം.

പെൻഷൻ ബാദ്ധ്യത സർവകലാശാലകൾക്കു വിട്ടുനൽകിയതുപോലെ സർക്കാരും പടിപടിയായി പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും അംഗീകരിച്ചു നടപ്പാക്കേണ്ട സ്ഥിതിയിലേക്കു മാറേണ്ടിവരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഇപ്പോഴത്തെ കടഭാരവുമായി എത്രനാൾ മുന്നോട്ടു പോകാനാകുമെന്ന് ചിന്തിക്കുമ്പോൾ അപ്രിയ തീരുമാനങ്ങൾ പലതും സ്വീകരിക്കേണ്ടിവരും. സർവകലാശാല ജീവനക്കാരുടെ പെൻഷൻ ബാദ്ധ്യത അവർക്കു തന്നെ പൂർണമായും വിട്ടുനൽകാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്.