പോത്തൻകോട്:പണിമൂല ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഞായറാഴ്ച തുടക്കം കുറിക്കും.രാവിലെ 9ന് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടിനായർ അദ്ധ്യക്ഷത വഹിക്കും.പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.കൊവിസ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുന്നത്.പൊങ്കാല ദിവസം രാവിലെ 10.30ന് ക്ഷേത്ര മേൽശാന്തി കൊച്ചുമഠം കൃഷ്ണപ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.ഉച്ചയ്ക്ക 12.30ന് പൊങ്കാല നൈവേദ്യം നടക്കും.പോത്തൻകോട്, അണ്ടൂർക്കോണം,മംഗലപുരം, മാണിക്കൽ,വെമ്പായം ഗ്രാമപഞ്ചായത്ത് മേഖലകളും നഗരസഭയിലെ ചില വാർഡുകളും ഉത്സവമേഖലകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല ദിനത്തിൽ കാട്ടാക്കട,നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, കണിയാപുരം, പോത്തൻകോട്,കിഴക്കേകോട്ട തുടങ്ങിയ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും.ഫയർഫോഴ്സ്,വാട്ടർ അതോറിട്ടി,കെ.എസ്.ഇ.ബി,സിവിൽ സപ്ലെെസ്,പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്നതും ഏപ്രിൽ 5 ന് തുടങ്ങി 11ന് സമാപിക്കുന്നതുമായ പണിമൂലദേവീ ക്ഷേത്ര ദ്വിവത്സര മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടി നായർ,പ്രസിഡന്റ് ഗോപി മോഹൻ നായർ,വൈസ് പ്രസിഡന്റുമാരായ നാരായണൻ നായർ, എം.ഗിരിശൻ , ജോയിന്റ് സെക്രട്ടറി കെ.വിജയകുമാർ, ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ആർ.ലതീഷ് കുമാർ,ട്രസ്റ്റ് അംഗങ്ങളായ സുധൻ.എസ്.നായർ, ആർ.രവീന്ദ്രൻ നായർ, വിക്രമൻ നായർ എന്നിവർ അറിയിച്ചു.