photographer

തിരുവനന്തപുരം: രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടേറിയറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഗവർണറുടെ അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റായി ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിർന്ന പത്രപ്രവർത്തകനുമായ ഹരി എസ്. കർത്തായെ നിയമിച്ചതിന് പിന്നാലെയാണ് ഈ നടപടി.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പി. ദിലീപ് കുമാറിനെ ഗവർണറുടെ ശുപാർശ പ്രകാരം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഹരി എസ്. കർത്തായുടെ നിയമനവും ഗവർണറുടെ ശുപാർശയായിരുന്നു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടത്.

രാഷ്ട്രീയപാർട്ടികളിൽ സജീവമായവരെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്ന പതിവില്ലെന്ന് വിയോജനക്കുറിപ്പിലൂടെ വ്യക്തമാക്കിയാണ് സർക്കാർ ഹരി എസ്. കർത്തായുടെ നിയമനം അംഗീകരിച്ചത്. മുഖ്യമന്ത്രിയുടെ വിയോജനക്കുറിപ്പ് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രാജ്ഭവന് കൈമാറിയിരുന്നു.