
കല്ലമ്പലം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊല്ലാൻ ശ്രമിച്ചയാൾ തി പിടിയിൽ. നാവായിക്കുളം വെട്ടിയറ നീതു നിവാസിൽ നിതിൻ (കിച്ചു, 24) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇക്കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നാവായിക്കുളം ഫാർമസി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാറിൽ വച്ച് പ്രതിയും സലിം എന്നായാളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് സലീമിന്റെ മൊബൈൽ ഫോൺ പ്രതി പിടിച്ചുപറിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇത് തിരികെ വാങ്ങുന്നതിനായി സലീമിന്റെയും നിതിന്റെയും സുഹൃത്തായ ആലുംകുന്ന് മിനി വിലാസത്തിൽ വിപിൻ (24) പോളച്ചിറ അപ്പൂപ്പൻ കാവിന് സമീപമുള്ള തെങ്ങിൻതോപ്പിൽ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. അവിടെ വച്ച് വാക്കേറ്റമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദ്യം വിപിനിന്റെ തുടയിൽ കുത്തുകയും തുടർന്ന് വയറ്റിൽ കുത്തുകയുമായിരുന്നു. കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞ് ബോധം നഷ്ടപ്പെട്ട വിപിനിനെ നിതിന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. തുടയിൽ കോൺക്രീറ്റ് പണിക്കിടെ കമ്പി കുത്തിക്കയറിയെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. വിപിന് ബോധം വന്നപ്പോഴാണ് സത്യാവസ്ഥ തിരിച്ചറിഞ്ഞത്. തുടർന്ന് പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയും ഒളിവിലായിരുന്ന പ്രതിയെ ചാവർകോടുള്ള ഒഴിഞ്ഞ വീട്ടിൽ നിന്ന് പിടികൂടുകയുമായിരുന്നു. പത്തോളം കൊലപാതകക്കേസുകളിലും ബോംബേറ് കേസിലും പ്രതിയാണ് നിതിൻ. കത്തിയും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.