
പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതിയനുസരിച്ച് 67.15 ലക്ഷം വീടുകളിലേക്കുള്ള കണക്ഷനും 7.5 ലക്ഷം പൈപ്പ് കണക്ഷനുകളും 2024 മാർച്ച് 31-ാം തീയതിക്കകം നൽകണം.
2020-21ലെ കാലയളവിൽ 21.42 ലക്ഷം കണക്ഷനുകൾക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 4.04 ലക്ഷം കണക്ഷനുകളാണ് കൊടുക്കാൻ സാധിച്ചത്.
2021-22 കാലയളവിൽ 29.38 ലക്ഷം കണക്ഷനുകൾക്കാണ് ലക്ഷ്യമിട്ടിരുന്നത്. എങ്കിൽ ജനുവരി 31 വരെ 5.56 ലക്ഷം കണക്ഷനുകളാണ് കൊടുക്കുവാൻ സാധിച്ചത്.
ജലവിഭവ വകുപ്പ് ഈ പരാജയത്തിന് കാരണം പറയുന്നത് കൊവിഡ് -19നെയാണ്. കൊവിഡിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്.
മന്ത്രിയും ഉദ്യോഗസ്ഥന്മാരും ഇനിയും സമയം നഷ്ടപ്പെടുത്താതെ താത്പര്യമെടുത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൈ.ജെ. അലക്സ്
ഇടമറുക്
സ്ത്രീകൾ ശ്രദ്ധിക്കണം
സ്വർണമാല മോഷ്ടിക്കുന്നതിനായി ഒരു സ്ത്രീയെ അമ്പലമുക്ക് - പേരൂർക്കടയിൽ കുത്തിക്കൊന്ന സംഭവത്തിൽ, പ്രസ്തുത സ്ത്രീ, 4 പവന്റെ സ്വർണമാലയാണ് കഴുത്തിൽ അണിഞ്ഞിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊറോണ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്നും, ജനങ്ങൾ ഇനിയും കരകയറാത്ത ചുറ്റുപാടിൽ, പണത്തിനായി ഏത് ഹീനമാർഗവും തേടുന്ന മാനസികാവസ്ഥയിലാണ് പലരും. ആയതിനാൽ സ്ത്രീകളും കൊച്ചുപെൺകുട്ടികളും വീട്ടിലിരിക്കുമ്പോഴും പുറത്തു പോകുമ്പോഴും വളരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കണം. സ്വർണത്തിന് അടിക്കടി വിലക്കയറ്റമുണ്ടാ കുന്ന നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ചും.
വി.ജി. പുഷ്ക്കിൻ
തിരുവനന്തപുരം
പൊലീസുകാരുടെ പെരുമാറ്റം
ജനങ്ങളെ ആപത്ഘട്ടങ്ങളിൽ രക്ഷിക്കുന്നവരായി പൊലീസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരിക്കുന്നു.
പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമാണ് പൊലീസിനു വേണ്ടതെന്ന് മുമ്പൊരിക്കലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനുശേഷം ചില മാറ്റങ്ങൾ പൊലീസ് സേനയിൽ കാണാൻ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. എന്നാൽ സമൂലമായ ഒരു മാറ്റം പൊലീസിൽ ഉണ്ടായിട്ടില്ലെന്നാണ് ചില വാർത്തകളിൽ നിന്നു മനസിലാകുന്നത്. കേരള പൊലീസിൽ മഹാഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണത്രേ. ഇവരിൽ നല്ലൊരു പങ്കും സമൂഹത്തോടുള്ള ഉത്തരവാദിത്വം നന്നായി നിർവഹിക്കണമെന്ന് ആഗ്രഹമുള്ളവരുമാകാം.
എന്നാൽ ഒരു ന്യൂനപക്ഷം തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇക്കൂട്ടരാണ് പൊലീസ് സേനയുടെ പേര് ചീത്തയാക്കുന്നത്. ഇനിയും പൊലീസ് സേനയിലേക്കുള്ള തിരഞ്ഞെടുുപ്പിൽ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ഉദ്യോഗാർത്ഥിയുടെ സാംസ്കാരിക പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതാണ്.
വി.എസ്. ബാലകൃഷ്ണപിള്ള
തൊടുപുഴ