chithrashajikailas

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തുടർച്ചയായ രണ്ടാം തവണയും ആറ്റുകാൽ പൊങ്കാല വീട്ടുമുറ്റങ്ങളിലേക്ക് മാറിയെങ്കിലും ചലച്ചിത്ര താരങ്ങളായ ചിപ്പിയും ചിത്രയും പൊങ്കാല മുടക്കിയില്ല. ചിപ്പി കവടിയാർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ സ്വന്തംവീടായ രോഹിണിയിൽ പൊങ്കാല അർപ്പിച്ചു. അമ്മ തങ്കത്തിനൊപ്പമായിരുന്നു ചിപ്പി പൊങ്കാല അർപ്പിച്ചത്.

സാധാരണ എല്ലാ വർഷവും ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ ഗൗരീവന്ദനം ഹോട്ടലിന് മുമ്പിൽ നടിമാരായ സീമാ ജി. നായർ,​ പ്രിയങ്കാ നായർ തുടങ്ങിയവർക്കൊപ്പമാണ് ചിപ്പി പൊങ്കാലയിട്ടിരുന്നത്. സിനിമയുടെ ചിത്രീകരണത്തിലായതിനാൽ സീമയും പ്രിയങ്കയും ഇത്തവണ എത്തിയില്ല. ക്ഷേത്രത്തിന് സമീപത്ത് പൊങ്കാലയിടാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് ചിപ്പി പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം പൊങ്കാല ഇടാൻ കഴിയാത്തതിന്റെ ദുഃഖവും ചിപ്പി പങ്കുവച്ചു. കൊവിഡ് മഹാമാരിയൊക്കെ മാറി അടുത്തവർഷം എല്ലാം ശരിയാകട്ടെയെന്ന പ്രാർത്ഥനയാണുള്ളത് - ചിപ്പി പറഞ്ഞു.

മക്കളായ റൂഷൻ,​ ഷാരോൺ എന്നിവർക്കൊപ്പമാണ് നടി ചിത്ര കുറവൻകോണത്തെ തേജസ് എന്ന വീട്ടിൽ പൊങ്കാല അർപ്പിച്ചത്. ഭർത്താവ് ഷാജി കൈലാസിന്റെ അമ്മ ജാനകിഅമ്മ പറഞ്ഞ പായസക്കൂട്ടുകളായിരുന്നു ചിത്ര ഒരുക്കിയത്. ക്ഷേത്രത്തിന് സമീപത്ത് പൊങ്കാലയിടുമ്പോൾ ഒത്തൊരുമയുടെ സന്തോഷമുണ്ടായിരുന്നു. കഴിഞ്ഞതവണയും ഇത്തവണയും ആ ഒത്തൊരുമ നഷ്ടമായതിന്റെ നിരാശയുണ്ട്. കൊവിഡ് മഹാമാരിയിൽ നിന്ന് നാട് എത്രയും വേഗം മുക്തമാകണേയെന്ന പ്രാർത്ഥയോടെയാണ് ഇത്തവണത്തെ പൊങ്കാലയെന്നും അവർ പറഞ്ഞു. നടി ജലജയും മകൾ ദേവിയും കുറവൻകോണത്തെ ഫ്ളാറ്റിലാണ് പൊങ്കാലയിട്ടത്.