
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ഓർഡിനൻസിനോടുള്ള സി.പി.ഐയുടെ വിയോജിപ്പ് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി സി.പി.ഐ മന്ത്രിമാർ. എന്നാൽ, ഒരാഴ്ചയോളം അജൻഡ കൈയിലിരുന്നിട്ടും വിയോജിപ്പ് പറയാതെ പിന്നീട് പുറത്ത് പോയി പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ നേരിട്ട് മന്ത്രിസഭായോഗം ചേർന്നപ്പോഴാണ് സി.പി.ഐക്കാരനായ റവന്യുമന്ത്രി കെ. രാജൻ പാർട്ടിയുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭേദഗതി ഭരണഘടനാവിരുദ്ധമെന്നാണ് പാർട്ടി നിലപാടെന്നും, ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുമ്പോൾ മതിയായ രാഷ്ട്രീയ ചർച്ചയ്ക്ക് അവസരമുണ്ടായില്ലെന്നും രാജൻ പറഞ്ഞു. പാർട്ടിക്ക് അഭിപ്രായം സ്വരൂപിക്കാനും സമയം ലഭിച്ചില്ലെന്നദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാഴ്ചയോളം മന്ത്രിസഭാ കുറിപ്പ് എല്ലാ മന്ത്രിമാരുടെയും കൈയിലിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുമ്പ് ഇതിന്മേൽ വിശദമായ രാഷ്ട്രീയ ചർച്ച വേണമെന്ന് സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ,ബിൽ ഉടനെയൊന്നും വരുന്നില്ലല്ലോ എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ചർച്ചയെപ്പറ്റിയൊന്നും മിണ്ടിയില്ല. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിന് പകരമുള്ള ബിൽ പരിഗണനയ്ക്കെത്തില്ലെന്ന് ഇതിലൂടെ വ്യക്തമായി.
ജനുവരി 12ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ അജൻഡയിലുൾപ്പെടുത്തി മാറ്റി വച്ചതാണ് നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 19ന് ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. മന്ത്രിമാരാരും വിയോജിച്ചില്ല. അപ്പോൾ ആർക്കും വിയോജിപ്പില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. അങ്ങനെയാണ് എല്ലാവരുടെയും പിന്തുണയോടെ മന്ത്രിസഭായോഗം അംഗീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനമനുസരിച്ചാണ് പാർട്ടിയുടെ വിയോജിപ്പ് ഇന്നലെ മന്ത്രിസഭായോഗത്തിൽ മന്ത്രി രാജൻ പ്രകടിപ്പിച്ചതെന്നാണറിയുന്നത്.
ഓർഡിനൻസ് അംഗീകരിച്ച മന്ത്രിസഭായോഗം ഓൺലൈൻ വഴിയായതിനാലും, പാർട്ടി സെന്ററിൽ നിന്ന് കൃത്യമായ നിർദ്ദേശം വരാത്തതിനാലുമാണ് നിയമഭേദഗതി വിഷയത്തിൽ അന്ന് പാർട്ടി മന്ത്രിമാർ പ്രതികരിക്കാതിരുന്നതെന്നായിരുന്നു സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന വിമർശനങ്ങൾക്ക് മന്ത്രി രാജൻ മറുപടി നൽകിയത്. മന്ത്രിമാരുടെ ഭാഗത്ത് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് എക്സിക്യൂട്ടീവ് വിമർശിച്ചിരുന്നു. സി.പി.ഐ വിയോജിപ്പ് തുടരുന്ന സാഹചര്യത്തിൽ, നിയമസഭാസമ്മേളനത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കാൻ പ്രതിപക്ഷം ലോകായുക്ത ഭേദഗതി ഓർഡിനൻസ് ആയുധമാക്കുമെന്നുറപ്പാണ്. ഓർഡിനൻസിനെതിരെ നിരാകരണപ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.