
വക്കം: അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കരക്കടവ് പാലത്തി സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ പബ്ലിക് ഹിയറിംഗ് 24 ന് നടക്കും. 60 ആണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കായിക്കരക്കടവിൽ പാലമെന്ന ആവശ്യത്തിന്റെ ഒന്നാം ഘട്ടം ഇവിടെ ആരംഭിക്കുന്നു. വക്കം, അഞ്ചുതെങ്ങ് വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ടി.എസ് കനാലിനു കുറുകെ കായിക്കര കടവ് പാലം നിർമ്മാണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിൽ ഉണ്ടാകുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള സാമൂഹിക പ്രത്യാഘാത നിർണ്ണയ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനുവേണ്ടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമി/ കെട്ടിടത്തിൽ അവകാശമുള്ള വ്യക്തികൾക്കായി ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. 24 ന് രാവിലെ 11ന് കായിക്കര കുമാരനാശാൻ സ്മാരകത്തിൽ പബ്ലിക് ഹിയറിംഗ് നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന പബ്ലിക് ഹിയറിംഗിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമി കെട്ടിട ഉടമകൾ കൃത്യമായും പങ്കെടുക്കണമെന്ന് സാമൂഹിക പ്രത്യാഘാത നിർണ്ണയ യൂണിറ്റ് പ്ലാനറ്റ് ചെയർമാൻ അറിയിച്ചു. പബ്ലിക് ഹിയറിംഗിൽ പങ്കെടുക്കേണ്ട ഭൂ ഉടമസ്ഥരുടെ പേരുവിവരം വക്കം, അഞ്ചുതെങ്ങ് എന്നീ വില്ലേജ് ഓഫീസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.