
ചിരിക്കുന്ന മുഖവുമായാണ് കോട്ടയം പ്രദീപിനെ വെള്ളിത്തിരയിൽ കാണാൻ കഴിയുക. ജീവിതത്തിലും ഇതേ മുഖം തന്നെ. വർത്തമാന ശൈലികൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും പ്രത്യേകത കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് കോട്ടയം പ്രദീപിന്റെ കഥാപാത്രങ്ങൾ കയറിക്കൂടിയത്. ഐ.വി. ശശി സംവിധാനം ചെയ്ത ഇൗനാട് ഇന്നലെ വരെ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു തുടക്കം കുറിക്കുമ്പോൾ പ്രതിഫലം 300 രൂപയായിരുന്നു. 
വിണ്ണെത്താണ്ടി വരുവായിലെ കരിമീൻ ഉണ്ട് , മട്ടൻ ഉണ്ട് കഴിച്ചോ കഴിച്ചോ എന്ന ഒറ്റ ഡയലോഗ് പ്രദീപിനെ പ്രശസ്തിയിൽ എത്തിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത 41 എന്ന ചിത്രത്തിൽ രസികൻ കഥാപാത്രമാണ് പ്രദീപ് അവതിരിപ്പിച്ച ഡോ. കൊച്ചനിയൻ. ആ കഥാപാത്രം ചിരിയുടെ മാലപ്പടക്കം തീർത്തു. മദ്യപാനം നിറുത്താൻ സഹായിക്കുന്ന അലസ് നോ എന്ന മരുന്ന് പരിചയപ്പെടുത്തികൊണ്ടാണ് ഡോക്ടർ ഡയലോഗ്.
''ഇതിൽ നിൽക്കും. സ്വിച്ചിട്ടതുപോലെ നിൽക്കും. ഉറപ്പാ... അതാണ് ഇൗ അലസ് നോ.കഥാപാത്രം ചെറുതായിരുന്നെങ്കിലും പ്രദീപിന്റെ അഭിനയശൈലി കൊണ്ടു ഇപ്പോഴും ഡയലോഗ് ഒാർമ്മിക്കുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ 'അത് കിടുക്കി, തിമിർത്തു... കലക്കി... എന്ന ഡയലോഗ് ഇപ്പോഴും മലയാളി സ്ഥിരം സംഭാഷണമാക്കി മാറ്റി.
സിനിമയ്ക്ക് പിന്നാലെ നടന്ന് അവസരങ്ങൾ തേടിയ നടനാണ് കോട്ടയം പ്രദീപ്. ഡയലോഗ് കിട്ടാൻ, കാമറയ്ക്കുമുന്നിൽ മുഖം ഒന്നുകാട്ടാൻ കൊതിച്ച കാലത്തുനിന്നാണ് പ്രദീപ് വന്നത്.സിനിമയിൽ കാണുന്ന ഉൗർജ്ജം തന്നെ നടപ്പിലും ഇരിപ്പിലും സംസാരത്തിലും ഉണ്ടായിരുന്നു. 100 ലധികം സിനിമകളിൽ അഭിനയിച്ചു. സൺഡേ ഹോളിഡേ, കല്യാണം , കാമുകി, അമർ അക്ബർ അന്തോണി, മോഹൻലാൽ, ഒരു അഡാർ ലൗവ്, ടു സ്റ്റേറ്റ്സ്, ഗോദ, തട്ടത്തിൻ മറയത്ത് എന്നിവ പ്രധാന ചിത്രങ്ങളിൽ ചിലത്. യുവതലമുറയിലെ സംവിധായകർക്കായിരുന്നു പ്രദീപ് ഏറെ പ്രിയപ്പെട്ട നടൻ.