
തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സ്‌മരണാർത്ഥം മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിന് 'സുഗതകുമാരി വീഥി'യെന്ന പേര് നൽകാനൊരുങ്ങി നഗരസഭ.കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.'സുഗതകുമാരി വീഥി'യുമായി ബന്ധപ്പെട്ട തുടർനടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാളയം വാർഡ് കൗൺസിലർ പാളയം രാജൻ മേയർ ആര്യാ രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. പൊതുമരാമത്ത് വകുപ്പിനു കീഴിൽ റോഡ് സ്ഥിതി ചെയ്യുന്നതിനാൽ വകുപ്പുമായി ആലോചിച്ച ശേഷമാകാം തുടർനടപടികളെന്ന് മേയർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഉടൻ കത്ത് നൽകും.ഇതിനുശേഷം ഉന്നതതല യോഗം വിളിക്കാനാണ് തീരുമാനം. അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന കോർപ്പറേഷന്റെ ബഡ്‌ജറ്റിൽ 'സുഗതകുമാരി വീഥി'ക്കും പണം വകയിരുത്തുമെന്നാണ് വിവരം.പാളയം വാർഡിൽ നിന്നുളള പദ്ധതികളിൽ 'സുഗതകുമാരി വീഥി'ക്ക് ബഡ്‌ജറ്റിൽ പ്രഥമ പരിഗണന നൽകണമെന്ന് പാളയം രാജൻ മേയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.സുഗതകുമാരിയുടെ വീടായ 'വരദ' സ്ഥിതി ചെയ്യുന്നത് മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിലാണ്. റോഡിന് 'സുഗതകുമാരി വീഥി'യെന്ന പേര് നൽകണമെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ നഗരസഭ പ്രമേയം പാസാക്കിയിരുന്നു. പാളയം രാജനാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്. വർഷം ഒന്ന് കഴിഞ്ഞിട്ടും ജലരേഖയായി മാറുകയായിരുന്ന നഗരസഭയുടെ പ്രഖ്യാപനം ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളകൗമുദിയായിരുന്നു. റോഡിന് സുഗതകുമാരിയുടെ പേരിടാൻ കഴിയാതെ പോയതിനെപ്പറ്റി മേയർ ഉൾപ്പെടെയുളളവരോട് സംസാരിക്കുമെന്ന് വാർത്തയ്‌ക്ക് മറുപടിയായി പാളയം രാജൻ പറഞ്ഞിരുന്നു.നഗരത്തിന്റെ സാംസ്കാകരിക മുഖമായിരുന്ന സുഗതകുമാരി ടീച്ചറോട് നഗരസഭ കാണിച്ച അനീതിയിൽ അവരോടൊപ്പം പ്രവർത്തിച്ചവർക്കും കടുത്ത അമർഷമുണ്ടായിരുന്നു.
വെറുമൊരു ബോർഡ് വയ്‌ക്കുന്നതിൽ നിന്ന് ഉപരിയായി സുഗതകുമാരിയെ സ്‌നേഹിക്കുന്നവർ കുറ്റം പറയാത്ത രീതിയിൽ റോഡിനിരുവശങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനാണ് നഗരസഭയുടെ ആലോചന. പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാകും ബാക്കി തീരുമാനങ്ങൾ.