attu

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി വീട്ടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിച്ച ഭക്തലക്ഷങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ ദേവീചൈതന്യം നിറഞ്ഞുതുളുമ്പി. സ്വന്തം വീടുകൾക്കു മുന്നിലാണെങ്കിലും ദേവീസന്നിധിയിലെന്നപോലെ മ​ന​സുരുകി ന​മി​ച്ചുകൊണ്ടാണ് ഭ​ക്ത‌ർ ​പൊ​ങ്കാല അർ​പ്പി​ച്ചത്.

ക്ഷേത്രത്തിൽ പൊങ്കാലച്ചടങ്ങ് പതിവുപോലെ നടന്നു. ഇന്നലെ അടുപ്പുവെട്ട് ചടങ്ങിനു മുന്നോടിയായി രാവിലെ 10.20ന് ശ്രീകോവിലിൽ ശുദ്ധപുണ്യാഹം നടന്നു. അപ്പോഴേക്കും തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിഞ്ഞിരുന്നു. ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്രത്തിലെ കൊച്ചു തിടപ്പള്ളിയിൽ തീ കത്തിച്ചശേഷം ദീപം സഹമേൽശാന്തി കേശവൻ നമ്പൂതരിക്കു നൽകി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹമേൽശാന്തി അഗ്നി പകർന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.

വീടുകളിൽ എല്ലാമൊരുക്കി കാത്തിരുന്ന ഭക്തരുടെ അടുപ്പുകളിലും അഗ്നി തെളിഞ്ഞു.

''അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ" മന്ത്രങ്ങൾ എങ്ങും നിറഞ്ഞു. പണ്ടാരഅടുപ്പിലെ പൊങ്കാല തിളച്ചുതൂവിയപ്പോൾ ഭക്തർ വായ്ക്കുരവകളോടെ ദേവിയെ വരവേറ്റു. 1.20ന് ഉച്ച പൂജയ്ക്കുശേഷം പണ്ടാരഅടുപ്പിലെ പൊങ്കലയിൽ തീർത്ഥം തളിച്ചു. ആകാശത്തു സെസ്ന വിമാനത്തിൽനിന്ന് പുഷ്പമഴ പെയ്തു. തുടർന്ന് ദീപാരാധന. ഇതേ സമയം വീടുകളിൽ തയ്യാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം തളിച്ചു. എങ്ങും ആത്മനിവേദനത്തിന്റെ സായൂജ്യം.

ഇതേസമയം തന്നെ, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മലയാളികൾ പൊങ്കാല അർപ്പിച്ചു. ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ ദൂരെ ദിക്കുകളിൽ നിന്നെത്തിയവരും പൊങ്കാല നിവേദിച്ചു.

പണ്ടാര അടുപ്പിൽ തീ പകരുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഡോ. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം. വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.