arif

സർക്കാരിന് നിയന്ത്രിക്കാനാവണം

തിരുവനന്തപുരം: ഗവർണർക്ക് ഭരണഘടനാദത്തമായ അധികാരങ്ങൾ മാത്രം മതിയെന്നും ചാൻസലർ അടക്കം സ്റ്റാറ്റ്യൂട്ടറി പദവികൾ വേണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരത്തെക്കുറിച്ചുമുള്ള ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകളിൽ കേരളത്തിന്റെ അഭിപ്രായം കേന്ദ്രം തേടിയിരുന്നു. ഇതിനു മറുപടിയായി നൽകേണ്ട നിർദ്ദേശങ്ങൾ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിലാണ് ഇക്കാര്യങ്ങളുള്ളത്.

ചാൻസലർ പദവിയിലേക്ക് സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ നിയമിക്കണമെന്നാണ് നിർദ്ദേശം. ഗവർണറുടെ പ്രവർത്തനം സംസ്ഥാന താല്പര്യത്തിന് വിധേയമായിട്ടാകണം, ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാന സർക്കാരിന് നിയന്ത്രണമുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങളും നിയമവകുപ്പ് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളിലുണ്ട്.

മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കെ.രാജനും മറ്റ് ഘടകകക്ഷി മന്ത്രിമാരും ഉൾപ്പെട്ട ഉപസമിതി പരിശോധിച്ച ശേഷമാണ് അന്തിമ നിർദ്ദേശങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചത്.

 രാജ്യസഭ:മാറ്റം വേണ്ട

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നതിന് നിലവിലെ രീതി തുടരണം. പൂഞ്ചി കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഒരു സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നയാൾ ആ സംസ്ഥാനത്തുള്ളയാൾ തന്നെയായിരിക്കണം. കേരളത്തിൽ നിന്നുള്ളയാൾക്ക് മറ്റൊരു സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടാവില്ല. ഈ മാറ്റം വേണ്ടെന്നാണ് കേരളത്തിന്റെ അഭിപ്രായം.

 തദ്ദേശസ്ഥാപനം: കേന്ദ്രംവേണ്ട

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും സ്വയംഭരണവും കൈമാറുന്നതിന് കേന്ദ്രസർക്കാരിന് കമ്മിഷനെ നിയോഗിച്ച് തീരുമാനമെടുക്കാമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇത് സംസ്ഥാനങ്ങളുടെ മേലുള്ള കൈകടത്തലാകുമെന്നാണ് കേരളത്തിന്റെ നിലപാട്. കമ്മിഷന്റെ ശുപാർശ അംഗീകരിക്കരുതെന്ന് അറിയിക്കും.

33 വിഷയങ്ങൾ

 കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ശുപാർശ സമർപ്പിക്കാൻ 2010ലാണ് കേന്ദ്രം മദൻമോഹൻ പൂഞ്ചി ചെയർമാനായ കമ്മിഷനെ നിയോഗിച്ചത്

 കമ്മിഷൻ ശുപാർശകളിൽ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയത്. വർഷങ്ങളായി കേന്ദ്രവും സംസ്ഥാനങ്ങളും ആശയവിനിമയം നടത്തിവരുന്നു

 ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും കേന്ദ്രം 33 വിഷയങ്ങളിൽ വീണ്ടും കേരളത്തിന്റെ അഭിപ്രായം തേടുകയായിരുന്നു