തിരുവനന്തപുരം: വാഹന നികുതി, ഇൻഷ്വറൻസ്, ഇന്ധനവില, സ്‌പെയർ പാർട്സ് എന്നിവയുടെ ക്രമാതീതമായ വർദ്ധനമൂലം പൊറുതിമുട്ടിയിരിക്കുന്ന തൊഴിലാളികൾക്ക് ചാർജ് വർദ്ധന അനിവാര്യമാണെന്ന് അഡ്വ.ടി. ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ വർദ്ധന നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിനുവേണ്ടി പണിമുടക്കുൾപ്പെടെയുള്ള സമരപരിപാടികൾക്ക് യൂണിയൻ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവേഴ്സ് ആൻഡ് എൻജിനിയറിംഗ് വർക്ക്ഷോപ്പ് വർക്കേഴ്സ് കോൺഗ്രസ് യൂണിയൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ചാല സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. ഹരികുമാർ, ആർ. പുരുഷോത്തമൻ നായർ, വി. മുത്തുകൃഷ്ണൻ, യൂണിയൻ നേതാക്കളായ പി. ഭുവനേന്ദ്രൻ നായർ, ടി.പി. പ്രസാദ്, പി. ഋഷികേശ്, പേയാട് മണികണ്ഠൻ, ആർ. രമേശ്, പേട്ട പ്രവീൺ, പാളയം ടി. രാജീവ് എന്നിവർ സംസാരിച്ചു.