f

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ സമയം 11.01. ചെണ്ടമേളവും വായ്‌ക്കുരവയും ആരംഭിച്ചതിന് പിന്നാലെ കതിനാവെടിയൊച്ച മുഴങ്ങി. എല്ലാവരും അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്‌മെന്റും തൊട്ടടുത്ത നിമിഷമെത്തി.

ടി.വി ചാനലുകൾ, റേഡിയോ, സമൂഹമാദ്ധ്യമങ്ങൾ എന്നിവയിലൂടെ പണ്ടാര അടുപ്പിൽ അഗ്നി പകർന്നെന്ന അറിയിപ്പ് കണ്ടും കേട്ടുമാണ് വീടുകളിൽ അടുപ്പൊരുക്കിയ ഭക്തലക്ഷങ്ങൾ അഗ്നി ജ്വലിപ്പിച്ചത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ആറ്രുകാൽ പൊങ്കാല വീട്ടുമുറ്റങ്ങളിലായത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇളവുകളേറെ ഉണ്ടായിരുന്നെങ്കിലും പണ്ടാര പൊങ്കാല മാത്രം ക്ഷേത്രമുറ്റത്ത് മതിയെന്ന തീരുമാനം ക്ഷേത്രം ട്രസ്റ്റ് സ്വീകരിച്ചതും പൊതുനിരത്തുകളിലും മറ്റും തിരക്ക് ഒഴിവാക്കാൻ സഹായകമായി.

ക്ഷേത്ര പരിസരത്തെ വീടുകളിലെത്തി പൊങ്കാല അർപ്പിച്ചവരിലധികവും മറ്റ് ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽ നിന്നെത്തിയവരുമായിരുന്നു. ക്ഷേത്ര പരിസരത്തും ചുറ്റുമുള്ള വീടുകളിലും പൊങ്കാലയ‌ർപ്പിച്ചാൽ അത് ദേവീ സമക്ഷത്തിൽ അർപ്പിക്കുന്നതിനു തുല്യമാകുമെന്നാണ് ഇവർ പറയുന്നത്. ആറ്റുകാൽ ക്ഷേത്രത്തിനു സമീപമുള്ള അയ്യപ്പ ക്ഷേത്രത്തിലും നഗരത്തിലെ മറ്റ് ചില ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും പൊങ്കാല അർപ്പിക്കാൻ ഭക്തരെത്തിയിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് തീർത്ഥം തളിക്കുന്നതിന് ശാന്തിക്കാരെ നിയോഗിച്ചിരുന്നില്ലെങ്കിലും മറ്റ് ക്ഷേത്രങ്ങളിലെ ശാന്തിക്കാർ ദൂരസ്ഥലങ്ങളിൽ നിന്നുമെത്തിയവരുടെ നിവേദ്യങ്ങളിൽ തീർത്ഥം തളിച്ചു. ദേവീരൂപം അലങ്കാരങ്ങളോടെ സ്ഥാപിച്ചിരുന്നിടത്തും ഭക്തർ പൊങ്കാല അർപ്പിച്ചു.

ഒരു വർഷക്കാലത്തെ കാത്തിരിപ്പിന്റെയും ആത്മ സമർപ്പണത്തിന്റെയും നിവേദ്യമാണ് ആറ്റുകാൽദേവിക്കു ഭക്തർ സമർപ്പിക്കുന്ന പൊങ്കാല. മാതൃഭാവത്തോടെയുള്ള അർപ്പണം കൂടിയാണ് ആറ്റുകാൽ പൊങ്കാല. വിവിധ നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു.