feb17e

ആറ്റിങ്ങൽ: ദേശീയപാതയിൽ മദ്യപസംഘം സഞ്ചരിച്ച കാർ ഓട്ടോയിലിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കടയ്‌ക്കാവൂർ ദിവ്യ ഭവനിൽ ദിവ്യയ്‌ക്കാണ് (30)​ പരിക്കേറ്റത്. ഇവരെ നഗരസഭയുടെ ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ദിവ്യ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കടയ്‌ക്കാവൂർ വയലിൽവീട്ടിൽ രാജു (40)​,​ കിളിമാനൂർ പുതിയകാവ് ആറുതലയ്ക്കൽ വീട്ടിൽ ജഹാംഗീർ (55)​ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കാറിൽ നിന്ന് ഇറങ്ങിയോടി.
ആറ്റിങ്ങൽ ദേശീയപാതയിൽ ഇന്നലെ വൈകിട്ട് 4ഓടെയാണ് സംഭവം. അമിതമായി മദ്യപിച്ചിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളിലും ഡിവൈഡറിലും ഫുട്‌പാത്തിലും ഇടിച്ചശേഷം മുനിസിപ്പാലിറ്റിക്ക് സമീപം ഇടിച്ചുനിന്നു. കാറിൽ നിന്ന് വിദേശ മദ്യം കണ്ടെത്തി.