
വിഴിഞ്ഞം: കടൽ ചിത്രങ്ങൾ കണ്ട് കടൽഭക്ഷണം രുചിക്കാൻ കേരളത്തിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് ഉടൻ തുറക്കും. കോഫി ഹൗസ് മാതൃകയിൽ പ്രവർത്തനം ആരംഭിക്കാനാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശമെന്ന് അധികൃതർ പറഞ്ഞു. റസ്റ്റോറന്റിന്റെ പേര് നിശ്ചയിച്ചിട്ടില്ല. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയാകും ഉദ്ഘാടനം ചെയ്യുക. വിഴിഞ്ഞം ആഴാകുളം ജംഗ്ഷനിൽ തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. റസ്റ്റോറന്റിനായുള്ള കെട്ടിടം പണി പൂർത്തിയായി. കെട്ടിടത്തിന് അകത്തും പുറത്ത് ചുമരുകളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ പൂർത്തിയായി. കോഴിക്കോട് സ്വദേശിയായ രജീഷ് കരിമ്പനക്കരയുടെ നേതൃത്വത്തിലാണ് ചിത്രവര നടന്നത്.
നിരവധി സിനിമയിൽ കലാസംവിധാനം നിർവഹിച്ച ശിവകുമാറിനെ കൂടാതെ പി.ജി വിദ്യാർത്ഥികളായ സംഗീത്, രമ്യ, ധ്രുവ രാജ് എന്നിവരും ചിത്രരചനയിൽ പങ്കാളികളായി. ഭക്ഷണം കഴിക്കുന്നതിനായി അകത്തും പുറത്തുമായി വിശാലമായ സജ്ജീകരണങ്ങളുണ്ടാകും. റൂഫ് ടോപ്പിലും ഇരിപ്പിടങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്. സാഫ് എന്ന ഏജൻസി വഴി സജ്ജമാക്കുന്ന പദ്ധതിക്ക് 3.25 കോടിയാണ് ചെലവ്.
റെഡി ടു കുക്ക് സംവിധാനം...
മത്സ്യബന്ധന തീരത്തെത്തി പെടയ്ക്കണ മീൻ തിരഞ്ഞെടുത്താൽ കറിക്ക് തയ്യാറാക്കിത്തരുന്ന റെഡി ടൂ കുക്ക് പദ്ധതിയും ഉടൻ ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപമാണ് പദ്ധതിക്കായി കെട്ടിടം പണിയുന്നത്.തീരത്ത് നിന്ന് പിടികൂടുന്ന മത്സ്യങ്ങൾ ആവശ്യം അനുസരിച്ച് വൃത്തിയാക്കി പാചകത്തിന് തയ്യാറാക്കി നൽകും. കേടുവരാതെ മത്സ്യത്തെ സൂക്ഷിക്കുന്ന രീതിയിലാകും പായ്ക്കിംഗ്. ഓരോ മീനിനും അതിന്റെ രുചിക്ക് അനുസരിച്ചുള്ള ചേരുവകളും കറിക്കൂട്ടുകളും ഇവിടെനിന്ന് ലഭിക്കും. പദ്ധതി വിജയകരമായാൽ ഓൺലൈൻ വഴിയും സൂപ്പർ മാർക്കറ്റുകൾ വഴിയും റെഡി ടു കുക്ക് മീൻ വില്പന നടത്തും.