attukal

തിരുവനന്തപുരം: സർവമംഗള മംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഇന്നലെ ആയിരത്തിലേറെ ബാലികമാർ താലപ്പൊലിയുമായി ക്ഷേത്രത്തിലെത്തി. രാവിലെ പാട്ടുപുരയ്‌ക്കുമുന്നിലെ പണ്ടാരഅടുപ്പിൽ അഗ്നി പകർന്നതോടെ താലപ്പൊലിയേന്തിയ ബാലികമാരെ അമ്മമാർക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചുതുടങ്ങി.

താലപ്പൊലിക്കാരെ പ്രത്യേക വഴിയിലൂടെയാണ് കടത്തിവിട്ടിരുന്നത്. ശ്രീകോവിലിന്റെ ഏറ്റവും മുന്നിൽ ഇവർക്കുമാത്രമായി ദർശനത്തിന് സൗകര്യം ഒരുക്കുകയും ചെയ്‌തു. പുത്തൻ വസ്ത്രങ്ങളും പുഷ്‌പമാലകളും അണിഞ്ഞ് തലയിൽ മയിൽപ്പീലിയുള്ള കിരീടം ധരിച്ച് പൂക്കൾ കൊണ്ടുണ്ടാക്കിയ ജണ്ടും പിടിച്ചാണ് താലപ്പൊലിയെടുക്കുന്ന ബാലികമാർ നീങ്ങിയത്. താലത്തിൽ ഫലപുഷ്പങ്ങൾക്കൊപ്പം ദീപവും ജ്വലിച്ചു.

കൊവിഡ് സാഹചര്യത്തിൽ കുത്തിയോട്ടത്തിന് ഒരു ബാലനെ മാത്രമാണ് നിയോഗിച്ചിരുന്നത്. ക്ഷേത്രപരിസരത്ത് കുട്ടികൾ കൂട്ടത്തോടെ വ്രതമെടുത്ത് കഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തവണയും ഒരു ബാലനെ മാത്രം നിയോഗിച്ചത്. തമിഴ്നാട് പദ്മനാഭപുരം തക്കല കൽക്കുളം ദേവീനിവാസിൽ ബിജു - സന്ധ്യ ദമ്പതികളുടെ മകൻ ബിനീഷാണ് ഇന്നലെ ദേവീദാസനായി എഴുന്നള്ളത്തിന് അകമ്പടിപോയ കുത്തിയോട്ടക്കാരൻ.

ഇന്നലെ രാത്രി 7.30ന് കുട്ടിയോട്ടത്തിനുള്ള ചൂരൽക്കുത്ത് നടന്നു. 10.30ന് മണക്കാട് ശാസ്‌താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് പുറപ്പെട്ടു. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ഇത്തവണ ദേവിയുടെ തിടമ്പേറ്റിയത്. എഴുന്നള്ളത്ത് തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ എട്ടിന് അകത്തെഴുന്നള്ളത്ത് നടക്കും. രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.