തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് റെയിൽവേ ലൈൻ നിർമ്മിക്കാനുള്ള വിഴിഞ്ഞം റെയിവേ ഇടനാഴി പദ്ധതിക്ക് കേന്ദ്രത്തിന്റെയും റെയിൽവേയുടെയും തടസം. നാലുവർഷം മുമ്പ് സമർപ്പിച്ച പദ്ധതിയാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം മാറ്റിവച്ചത്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ വിശദീകരണത്തിൽ കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ നിലപാട് അറിയിച്ചത്. 2018ൽ കൊങ്കൺ റെയിൽവേ നൽകിയ വിശദമായ പദ്ധതിരേഖയാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ഇത് മികച്ചതാണെന്നും സാഗർമാലയിൽ ഉൾപ്പെടുത്തി 2022ഒാടെ നിർമ്മാണം പൂർത്തിയാക്കാമെന്നും പറഞ്ഞ കേന്ദ്ര സർക്കാരാണ് പിന്നീട് നിലപാട് മാറ്റിയത്. അന്ന് നൽകിയ പദ്ധതി രേഖയിൽ ദക്ഷിണറെയിൽവേ ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അത് പരിഹരിച്ച് വീണ്ടും സമർപ്പിക്കേണ്ടിവരുമെന്നുമാണ് കേന്ദ്രം പറയുന്നത്. പദ്ധതി രേഖയിൽ പറയുന്നത് 1,053 കോടി രൂപ ചെലവാണ്. എന്നാൽ ദക്ഷിണ റെയിൽവേ കണ്ടെത്തിയത് 2,104 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ്. വിചിത്രമായ കാരണങ്ങൾ നിരത്തിയാണ് ഇതിനെ ന്യായീകരിക്കുന്നത്. 10.7കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ 9.02 കിലോമീറ്ററും തുരങ്കമാണ്. ഇതിന് കൊങ്കൺ റെയിൽവേ ചെലവ് കണക്കാക്കിയത് 536 കോടിയാണ്. ഇത് 1200 കോടി രൂപ വേണമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിലപാട്. ഇങ്ങനെ പറയുന്നതിൽ പ്രത്യേക കാരണമൊന്നും കാട്ടിയിട്ടുമില്ല. ബാലരാമപുരത്തും വിഴിഞ്ഞത്തും മാത്രമായി 6.57ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നാണ് കൊങ്കൺ റെയിൽവേ പറയുന്നത്. എന്നാൽ തുരങ്കം കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂമി ഉടമകളിൽ നിന്ന് ഭൂമിയുടെ റൈറ്റ് ഒഫ് വേ അനുമതി 200 കോടി രൂപ ചെലവിൽ വാങ്ങണമെന്നും ദക്ഷിണറെയിൽവേ പറയുന്നു. റെയിൽവേയുടെ മറ്റ് പദ്ധതികൾക്ക് ഇത്തരം നിബന്ധനയില്ലെന്ന കൊങ്കൺ റെയിൽവേയുടെ വിശദീകരണം അവർ അംഗീകരിച്ചില്ല. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖത്തെ മധുര, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളുമായി റെയിൽ മാർഗം ബന്ധിപ്പിക്കുന്നതിന് വിഴിഞ്ഞം റെയിൽ ഇടനാഴി അനിവാര്യമാണ്. ഡി.പി.ആർ അംഗീകരിക്കുന്നത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ കൈക്കൊണ്ട നടപടികൾ പുനഃപരിശോധിക്കണമെന്നും തുറമുഖ റെയിൽ നിർമ്മാണത്തിനായി സാഗർമാല പദ്ധതിയിൽ പ്രതിപാദിക്കുന്നതുപോലുള്ള സാമ്പത്തിക സഹായം കേന്ദ്രം നൽകണമെന്നും റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.

 വിഴിഞ്ഞം തുറമുഖ നിർമ്മാണം 54% പൂർത്തിയായി

2015ൽ നിർമ്മാണം തുടങ്ങിയ വിഴിഞ്ഞം തുറമുഖത്തിന്റെ 54 ശതമാനം നിർമ്മാണം പൂർത്തിയായി. 98 ശതമാനം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 2950 മീറ്റർ പുലിമുട്ടിൽ 1600 മീറ്റർ നിർമ്മാണം പൂർത്തിയായി. ഡ്രഡ്ജിംഗ് 33 ശതമാനം പിന്നിട്ടു. അടുത്ത ഒരുവർഷത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

 പദ്ധതി സജീവ പരിഗണനയിൽ: റെയിൽവേ

സാഗർമാല പദ്ധതി സജീവ പരിഗണനയിലാണെന്ന് റെയിൽവേ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ തുടക്കത്തിലേ പരിഹരിക്കേണ്ടത് നിയമപരമായ ബാദ്ധ്യതയാണ്. ഇത്രവലിയ പദ്ധതികളിൽ പിന്നീട് മാറ്റംവരുത്തുക എളുപ്പമല്ല. പദ്ധതി നടപ്പാക്കാൻ തന്നെയാണ് തീരുമാനം.