dam

കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ ലയൺ സഫാരി പാർക്ക് പൂട്ടിയതിന് പിന്നാലെ ഡി.ടി.പി.സി ബോട്ടുകൾ കട്ടപ്പുറത്തായതോടെ നെയ്യാർഡാമിലെ ബോട്ട് സവാരിയും നിലച്ചു. ഇതോടെ വിനോദ സഞ്ചായത്തിനായി എത്തുന്നവർക്ക് ഓളപ്പരപ്പിലൂടെയുള്ള സാഹസികയാത്ര നഷ്ടമായിരിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) നെയ്യാർ ജലാശയത്തിൽ സവാരി നടത്തിയിരുന്ന ഏക ബോട്ടും എൻജിൻ തകരാർ കാരണം കട്ടപ്പുറത്തായി. ഇതോടെയാണ് ബോട്ട് സവാരി പാടെ നിലച്ചത്. 15 പേർക്ക് കയറാവുന്ന രണ്ട് എൻജിനുള്ള ബോട്ടിന്റെ എൻജിനാണ് ദിവസങ്ങൾക്ക് മുൻപ് കേടായത്. തകരാറിലായതുൾപ്പെടെ ആറുപേർക്ക് കയറാവുന്ന രണ്ടു സഫാരി ബോട്ടും, മൂന്ന് പേർക്കുള്ള ഒരു സ്പീഡ് ബോട്ടും, അഞ്ചു പേർക്കുള്ള സെമി സ്പീഡ് ബോട്ടും ഉൾപ്പെടെ അഞ്ചു ബോട്ടുകളാണ് നെയ്യാർഡാം ഡി.ടി.പി.സിയുടേതായി ഓടിയിരുന്നത്. തുടർന്ന് വിവിധ കാരണങ്ങളാൽ ബോട്ടുകൾ ഒന്നൊന്നായി ഷെഡിലൊതുങ്ങുകയായിരുന്നു. ഇപ്പോൾ എട്ടോളം ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തകർന്ന് കരയിൽ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ബോട്ടുകളിൽ കൂടുതലും എൻജിൻ തകരാറാണ് പ്രധാന പ്രശ്നം. ഒരു വർഷം മുമ്പ് മുങ്ങിപ്പോയ പുതിയ മൂന്നു പേർക്കുള്ള സ്പീഡ് ബോട്ടിന്റെ എൻജിൻ ഉൾപ്പെടെ സർവീസിനായി കൊണ്ടുപോയിട്ട് ഇതുവരെ തിരിച്ചെത്തിക്കാത്തതാണ് ബോട്ട് സവാരി നിലയ്ക്കാൻ പ്രധാന കാരണം. ഇവിടെയുള്ള പല ബോട്ടുകൾക്കും ഫിറ്റ്നസും ഇൻഷ്വറൻസും നേടാൻ കഴിയാത്തത് ബോട്ടുകൾ നീറ്റിലിറക്കാനുള്ള തടസമായി പറയുന്നു. നെയ്യാർഡാമിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബോട്ട് സവാരി. ഇവിടെ ജോലിചെയ്യുന്ന ദിവസ വേതനക്കാരായ ബോട്ടുജീവനക്കാരും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.

 നശിക്കുന്ന ലയൺ സഫാരി പാർക്ക്

ബോട്ട് യാത്ര പോലെ തന്നെ ലയൺ സഫാരി പാർക്കിലേക്കുള്ള യാത്രയും പ്രധാനമായിരുന്നു. എന്നാലിപ്പോൾ ലയൺ സഫാരി പാർക്കിലെ അവസാന സിംഹവും ചത്തതോടെ ഇവിടേക്കുള്ള യാത്രയും സഞ്ചാരികൾക്ക് അന്യമായി. ഇന്ത്യയിലെ ഏക ലയൺ സഫാരി പാർക്ക് തന്നെ അന്യമാകുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഉണ്ട്.