@ നടപടി അഞ്ചു വർഷത്തിന് ശേഷം
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാനമായ ശസ്ത്രക്രിയ്ക്ക് ആവശ്യമായ സജ്ജീകരണമൊരുക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.ഇതിനായി ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പ്രത്യേകം ട്രാൻസ്‌പ്ളാന്റ് യൂണിറ്റ് സജ്ജമാക്കുകയാണ് പ്രധാന നടപടി. എത്രയുംവേഗം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് സംസ്ഥാനത്തെ ആദ്യ ലൈവ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയയായിരുന്നു.എന്നാൽ അഞ്ചു വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണാനന്തര അവയവദാനത്തിന്റെ ഭാഗമായി ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. 2016 മേയ് 24നായിരുന്നു ശസ്ത്രക്രിയ നടന്നത്.എന്നാൽ അണുബാധയെ തുടർന്ന് രോഗി മരിച്ചു.അതോടെ സർക്കാർ മേഖലയിലെ കരൾമാറ്റ ശസ്ത്രക്രിയയും നിലച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത കാരണം ഡോക്ടർമാരും പിൻമാറുന്ന സ്ഥിതിയായി.കോട്ടയം മെഡിക്കൽ കോളേജിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നടപടികൾ വീണ്ടും സജീവമാകുന്നത്. ഇതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമാക്കും.രണ്ട് മെഡിക്കൽ കോളേജുകളിലും ജീവനക്കാർ പരിശീലനം നേടിയിട്ടുണ്ട്.