
തിരുവനന്തപുരം:മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി പാർട്ടിക്കാരെ നിയമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും രണ്ടുവർഷത്തെ സേവനത്തിനു ശേഷം അവർക്ക് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് നിയമവിരുദ്ധമാണെന്നും ഗവർണർ. പെൻഷൻ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന ഉപാധിയാണ്, നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ മുന്നോട്ടുവച്ചത്.
പേഴ്സണൽ സ്റ്റാഫായി നിയമനം കിട്ടുന്നവർ രണ്ടു വർഷത്തിനു ശേഷം രാജിവച്ച് പാർട്ടിയിൽ തിരിച്ചെത്തുന്നു. ഇത്തരത്തിൽ പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തിടെയാണ് താൻ അറിഞ്ഞത്. രണ്ടു വർഷത്തെ സേവനത്തിനു ശേഷം പെൻഷൻ നൽകുന്നത് നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ മുഖ്യമന്ത്രിയോട് തുറന്നടിച്ചു.
പേഴ്സണൽ സ്റ്റാഫ് നിയമനവും പെൻഷൻ നൽകുന്നതും പൊടുന്നനേ തുടങ്ങിയതല്ലെന്നും ഇക്കാര്യത്തിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഗവർണർ വഴങ്ങിയില്ല. ഉടനടി തീരുമാനം വേണമെന്നും, ചർച്ചയല്ല വേണ്ടതെന്നും ഗവർണർ പറഞ്ഞതോടെ മുഖ്യമന്ത്രി- ഗവർണർ അനുനയ കൂടിക്കാഴ്ച പൊളിഞ്ഞു. സജീവ രാഷ്ട്രീയത്തിലുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്നും ഗവർണറുടെ താത്പര്യം പരിഗണിച്ചാണ് ഗവർണറുടെ പേഴ്സണൽ സ്റ്റാഫംഗമാക്കി ഹരി എസ്. കർത്തയ്ക്ക് നിയമനം നൽകിയതെന്നും അറിയിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്തിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിരൂക്ഷ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്. ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഇതിൽ സർക്കാർ തലയിടേണ്ടതില്ലെന്നുമാണ് ഗവർണറുടെ നിലപാട്.