തിരുവനന്തപുരം: കഴിഞ്ഞ തവണ നടക്കാത്ത പൊങ്കാലയുടെ പേരിൽ മാലിന്യം നീക്കാൻ വാഹനം വാടകയ്‌ക്കെടുത്ത് പണം തട്ടിയെന്ന വിവാദം മുന്നിൽക്കണ്ട് കരുതലോടെ നീങ്ങിയ നഗരസഭയ്‌ക്ക് ഇത്തവണ പൊങ്കാലയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ചെലവായില്ല. ആദ്യമായാണ് നഗരസഭയുടെ കൈയിൽ നിന്ന് പണം ചെലവാകാതെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സ്‌പോൺസർഷിപ്പ് വഴിയാണ് നഗരസഭ ചെലവിനുള്ള പണം കണ്ടെത്തിയത്. സാധാരണ രീതിയിൽ പൊങ്കാല നടക്കുന്നുണ്ടെങ്കിൽ പ്രവർത്തനങ്ങൾക്കായി 50 മുതൽ 60 ലക്ഷം വരെ നഗരസഭയ്ക്ക് ചെലവുണ്ടാകും.

14 സർക്കിൾ, സോണൽ തലങ്ങളിലാണ് പൊങ്കാലകൾ വീടുകളിലും ക്ഷേത്രങ്ങളിലും നടന്നത്. മാലിന്യ നീക്കത്തിന് സ്‌പോൺസർ വഴി 15 വാഹനങ്ങൾ ലഭിച്ചെങ്കിലും 14 എണ്ണത്തിന്റെ ഉപയോഗം മാത്രമേ വന്നൂള്ളൂ. 28 നഗരസഭ വാഹനങ്ങളും ഇതിനായി ഉപയോഗിച്ചു. 301 പോയിന്റുകളിൽ നിന്നായി 38.312 ടൺ മാലിന്യമാണ് ഇത്തവണ നഗരസഭ നീക്കം ചെയ്‌തത്. വിവിധ സർക്കിളുകളിലായി ജോലി ചെയ്‌തിരുന്ന 787 ജീവനക്കാരെ ഇതിന് നിയോഗിച്ചതിനാൽ പുറത്തുനിന്ന് ആളെ വിളിച്ചില്ല. ഇവർക്കുള്ള ആഹാരവും സ്‌പോൺസർഷിപ്പ് വഴി ലഭിച്ചതിനാൽ ചെലവും നഗരസഭയ്‌ക്ക് വഹിക്കേണ്ടി വന്നില്ല.

നഗരസഭാ പരിധിയിലെ കോൺട്രാക്ടർമാർ വഴി ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലോറി ഓണേഴ്സ് അസോസിയേഷൻ വഴി ലോറികൾ,​ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ വകയായി സൗജന്യ ആഹാരം എന്നിവയോടൊപ്പം വിവിധ യുവജന സംഘടനകളുടെ അംഗങ്ങളെ വോളന്റിയർമാരായി നിയോഗിക്കാൻ കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ വോളന്റിയർമാരെ ഇത്തവണ നിയോഗിക്കേണ്ടി വന്നില്ല. ആനയറ വേൾഡ് മാർക്കറ്റിന് സമീപത്തെ സ്ഥലത്ത് നിക്ഷേപിച്ച മാലിന്യം തരംതിരിച്ചശേഷം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകും.