
തിരുവനന്തപുരം: കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സി.പി.എം സംഘങ്ങൾക്കും നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടൻ റദ്ദാക്കണം. എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനും ഭൂമി കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. കെ.എസ്.ഇ.ബിക്ക് നൂറു കണക്കിന് കോടി രൂപ നഷ്‌ടമായതിനെക്കുറിച്ചും നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. കൊവിഡ് മഹാമാരിയിലും അതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുത്.