
തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില വർദ്ധിപ്പിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ഒരുങ്ങുന്നു.
ഐ. ഒ. സിയിൽ നിന്ന് ദിവസം അഞ്ചരലക്ഷം ലിറ്റർ ഡീസലാണ് കോർപ്പറേഷൻ വാങ്ങിയിരുന്നത്. കോർപറേഷനുള്ള ഡീസൽ വില ലിറ്ററിന് 6.73 രൂപ കൂട്ടി. ഇതോടെ ഇന്ധനത്തിന് ദിവസം 37, 01,500 രൂപ അധികം കണ്ടെത്തണം. കെ.എസ്.ആർ.ടി.സിക്ക് ഇത് താങ്ങാനാകില്ല. റീട്ടെയിൽ പമ്പുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടെങ്കിലും പത്തിൽ താഴെ മാത്രമാണ്. ഇവയിൽ നിന്നുമാത്രം ഇന്ധനം നിറയ്ക്കാൻ കഴിയില്ല. മുമ്പും ഇതേ സാഹചര്യം ഉണ്ടായപ്പോൾ കെ.എസ്.ആർ.ടി.സി സ്വകാര്യ പമ്പുകളെ ആശ്രയിച്ചിരുന്നു.
പൊതുവിപണിയിലെ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങുന്നതും കോർപറേഷന് ബാദ്ധ്യതയാകും. രണ്ട് ദിവസത്തിൽ കൂടുതൽ കടം ലഭിക്കില്ല. ബസുകൾ ഡീസൽ നിറയ്ക്കാൻ പമ്പിൽ എത്തിക്കണം. ഇത് മറികടക്കാൻ കർണാടകയിൽ നിന്ന് ഡീസൽ എത്തിക്കുന്നതും പരിഗണിക്കുന്നുണ്ട്.
50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് എ.ഒ.സി വൻകിട ഉപഭോക്താവായി പരിഗണിക്കുന്നത്. റീട്ടെയിൽ പമ്പുകളേക്കാൾ മൂന്ന് മുതൽ നാല് രൂപ വരെ കുറച്ചാണ് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ലഭിച്ചിരുന്നത്.
റീട്ടെയിൽ പമ്പുകളിലെ പോലെ വൻകിട ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധിപ്പിക്കാറില്ല. ഇത് തെറ്റിച്ചാണ് വില കൂട്ടിയത്. വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് റീട്ടെയിൽ പമ്പുകളിലെ വില വർദ്ധിപ്പിക്കാതെ വൻകിട ഉപഭോക്താക്കളുടെ നിരക്ക് കൂട്ടിയതെന്നാണ് വിവരം