c

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം മൊബൈൽ കട കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. പേട്ട വേളാക്കുടി മുക്കിൽ കണിയാംകുടി ഹൗസിൽ ഉള്ളുള്ളി റോയി എന്നു വിളിക്കുന്ന റോയിയെയാണ് (60) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. മെഡിക്കൽ കോളേജിന് സമീപത്തുള്ള ഗരുഡ് കമ്മ്യൂണിക്കേഷൻസ് എന്ന മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കയറിയ പ്രതി വിലപിടിപ്പുള്ള മൊബൈൽ ഫോണും 38,000 രൂപയും കവരുകയായിരുന്നു. കടയുടമ ബിനുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കടയുടെ സമീപത്തുള്ള ലോഡ്ജിൽ സംശയാസ്പദമായ രീതിയിൽ ഒരാൾ താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ചെടുത്ത പണവും മൊബൈൽ ഫോണും പ്രതിയിൽ നിന്ന് കണ്ടെടുത്തു. റോയിക്കെതിരെ തമ്പാനൂർ, വഞ്ചിയൂർ, പേട്ട, കണ്ടോൺമെന്റ് ഫോർട്ട്, മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.