d

തിരുവനന്തപുരം: സൗരപുരപ്പുറ പദ്ധതിയിലൂടെ കേരളത്തെ വൈദ്യുതി സ്വയം പര്യാപ്തമാക്കാൻ കഴിയുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സൗരപുരപ്പുറ സോളാർ പദ്ധതിയുടെ നെടുമങ്ങാട് നിയോജകമണ്ഡല തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കന്യാകുളങ്ങര സെക്ഷനിലെ കൊഞ്ചിറ വാർഡിലെ ഗോപകുമാറിന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന മൂന്നു കിലോവാട്ട് സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സൗരോർജ്ജ ഉത്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സൗര പദ്ധതി. ഈ പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പ്ലാന്റിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവിന് മാത്രമാണ്. ഈ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മുഴുവൻ എനർജിയും ഉപഭോക്താവിന് ഉപയോഗിക്കാം. അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കും നൽകാം. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടെ പുരപ്പുറങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന പദ്ധതിയാണിത്. ചടങ്ങിൽ വെമ്പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബീന ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. ശ്രീകാന്ത്, കൊഞ്ചിറ വാർഡ് മെമ്പർ എം. സതീശൻ എന്നിവർ പങ്കെടുത്തു.