തിരുവനന്തപുരം: ഇന്ന് നയപ്രഖ്യാപനം അവതരിപ്പിച്ച് പുതിയ വർഷത്തെ നിയമസഭാ നടപടികൾക്ക് തുടക്കം കുറിക്കേണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പതിനൊന്നാം മണിക്കൂറിൽ നയപ്രഖ്യാപനത്തിന് അനുമതി വൈകിപ്പിച്ച് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയപ്പോൾ സംസ്ഥാന സർക്കാർ ശരിക്കും വിരണ്ടു.
ദിവസങ്ങൾക്കുമുൻപ് ഗവർണറുടെ അഡിഷണൽ പി.എ ആയി ബി.ജെ.പി സംസ്ഥാനസമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ചുള്ള ഉത്തരവിനൊപ്പം സർക്കാരിന്റെ വിയോജിപ്പും അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ കത്താണ് ഗവർണറെ പ്രകോപിപ്പിച്ചത്. 
ഇന്നലെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ചർച്ച നടത്തിയിട്ടും വഴങ്ങിയില്ല.ഒടുവിൽ വിശ്വസ്തനായ ജ്യോതിലാലിനെ അടിയന്തരമായി നീക്കി സർക്കാരിന് ഗവർണറെ മെരുക്കേണ്ടി വന്നു. വൈകിട്ട് ഇതിന്റെ ഉത്തരവെത്തിയശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിന് അനുമതി നൽകിയത്. സഭ ഇന്ന് ചേരാനാവാതെ വരുമോയെന്ന ആശങ്ക ഉടലെടുത്തതോടെയാണ്  ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരും ഇടതുമുന്നണിയും അടിയന്തര  നീക്കങ്ങൾ നടത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനാണ് ഗവർണറുടെ അതൃപ്തിക്ക് കാരണമായതെന്നാണ് രാജ്ഭവൻ പറയുന്നത്.
ജ്യോതിലാലിന് പകരം ചുമതല നൽകിയിട്ടില്ല. നയപ്രഖ്യാപനത്തിനു ശേഷം പുകയൊടുങ്ങിക്കഴിഞ്ഞാൽ ജ്യോതിലാലിനെ തിരികെ നിയമിച്ചേക്കാം. 
 ഒപ്പിടാതിരുന്നിട്ട് വൈകിട്ട് ഒപ്പിട്ടത് സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിനാടകമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. എം.എം. മണി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും ഗവർണർക്കെതിരെ പരസ്യപ്രസ്താവനയുമായെത്തി.ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററിൽ പുരോഗമിക്കുന്നതിനിടയിലാണ് ഗവർണർ ഇനിയും നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടില്ലെന്ന സൂചനയെത്തിയത്. ഗവർണറോട് ഉടക്കുന്നത് അനാവശ്യ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തുടർന്നാണ് എങ്ങനെയും ഗവർണറെ അനുനയിപ്പിച്ചാൽ മതിയെന്നതിലേക്ക് കാര്യങ്ങളെത്തിയത്.
ഭരണഘടനയുടെ അനുച്ഛേദം 176 അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപനം ഗവർണർക്ക് വായിക്കാതിരിക്കാനാവില്ല. ഏതെങ്കിലും പരാമർശത്തോട് വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം തേടാം. അങ്ങനെ കേരളത്തിൽ മുമ്പുണ്ടായിട്ടുണ്ട്. ചില പ്രസംഗങ്ങളിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെവിട്ട ഗവർണർമാരുമുണ്ട്. എന്നാൽ, നയപ്രഖ്യാപനം ഒപ്പുവയ്ക്കാതെ വൈകിച്ചത് ഇതാദ്യമാണ്.
കഴിഞ്ഞ ദിവസം സ്പീക്കർ എം.ബി. രാജേഷ് രാജ്ഭവനിലെത്തി ക്ഷണിച്ചപ്പോഴും പോസിറ്റീവായി പ്രതികരിച്ച ഗവർണർ ഇന്നലെ ഇത്തരമൊരു തന്ത്രം പുറത്തെടുക്കുമെന്ന് മുഖ്യമന്ത്രിയുൾപ്പെടെ സ്വപ്നത്തിൽ പോലും കരുതിയതല്ല.