jyothi

തിരുവനന്തപുരം: സിവിൽ സർവീസിലെ പ്രഗത്ഭനായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ബലിയാടാക്കിയാണ് ഗവർണറുമായുള്ള തർക്കം സർക്കാർ പരിഹരിച്ചത്. സജീവ രാഷ്ട്രീയത്തിലുള്ളവരെയോ രാഷ്ട്രീയ ബന്ധമുള്ളവരെയോ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകിയത് ജ്യോതിലാലാണ്. ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ് കർത്തയെ ഗവർണറുടെ അഡി.പി.എ ആയി നിയമിച്ച ഫയലിൽ മുഖ്യമന്ത്രി എഴുതിയ വിവരങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം രാജ്ഭവനെ അറിയിക്കുക മാത്രമാണ് ജ്യോതിലാൽ ചെയ്തത്. കത്ത് പുറത്തായതിലും ജ്യോതിലാലിന് പങ്കില്ല.

ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഇതിൽ സർക്കാർ തലയിടേണ്ടതില്ലെന്നും നിലപാടെടുത്ത ഗവർണർ, കത്തെഴുതിയ ജ്യോതിലാലിനെതിരെ തിരിഞ്ഞു. സെക്രട്ടറിക്ക് തന്നെ ഉപദേശിക്കാൻ അധികാരമില്ലെന്നും രാഷ്ട്രപതിക്ക് മാത്രമാണ് അതിനുള്ള അധികാരമെന്നും മുഖ്യമന്ത്രിയോട് തുറന്നടിച്ച ഗവർണർ, ജ്യോതിലാലിനോടുള്ള അതൃപ്തി വ്യക്തമാക്കി. ഇതോടെ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റി ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഉടനടി ഉത്തരവിറക്കി, വിവരം ഗവർണറെ അറിയിക്കുകയും ചെയ്തു. ഉത്തരവുമായി ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. മുഖ്യമന്ത്രി ഫോണിൽ വിളിച്ചും ഇക്കാര്യമറിയിച്ചു. അതിനുശേഷമാണ് ഗവർണർ വഴങ്ങിയതും നയപ്രഖ്യാപനത്തിൽ ഒപ്പിട്ടതും.

സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെയും സിൽവർലൈനിന്റെയും ചുക്കാൻ പിടിക്കുന്ന ഗതാഗത സെക്രട്ടറിയായി മിന്നിയ ജ്യോതിലാൽ ന്യൂനപക്ഷ ക്ഷേമം, ദേവസ്വം അടക്കം വകുപ്പുകളിലും കഴിവു തെളിയിച്ചു. പൊതുഭരണ വകുപ്പിൽ പിഴവുകളില്ലാതെ പ്രവർത്തിച്ചു. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ബി.എയും നേടിയ ജ്യോതിലാൽ തിരുവനന്തപുരം ചാക്കയിലാണ് താമസം.

പകരം ശാരദാ മുരളീധരൻ

കെ.ആർ.ജ്യോതിലാലിന് പകരം തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ ആൻഡ് റൂറൽ) അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് പുതിയ പൊതുഭരണ സെക്രട്ടറി. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ശാരദയ്ക്ക് പൊതുഭരണ വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി ചീഫ് സെക്രട്ടറി വി.പി. ജോയി ഉത്തരവിറക്കി.