
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പാലക്കാട്ടെ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എൻ.ജി.ഒയിൽ ജോലിയിൽ പ്രവേശിച്ചു. മാസം 43,000 രൂപ ശമ്പളം ലഭിക്കും.
വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഫീസിൽ എത്തുന്നതിന് സ്വപ്ന സാവകാശം തേടിയിട്ടുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി.
1997ലാണ് സൊസൈറ്റി സ്ഥാപിച്ചത്.
പാലക്കാട് ചന്ദ്രനഗറിലാണ് ആസ്ഥാനം. മുൻ ഐ. എ. എസ് ഓഫീസറും ബി.ജെ.പി നേതാവുമായ ഡോ. എസ്.കൃഷ്ണ കുമാറാണ് സൊസൈറ്റി പ്രസിഡന്റ്. മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണകുമാർ 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.