
വെമ്പായം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കോടതി ജീവനക്കാർ ഉൾപ്പെടുന്ന സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പ്രഭകുമാർ(50), സുരേഷ് കുമാർ(50), ശശികുമാർ(50), ഗോപകുമാർ(50) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 8.30ഓടെ വെമ്പായം ജംഗ്ഷന് സമീപം ബൈക്ക് യത്രികരായ അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം നിറുത്താതെപോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.കോടതി ജീവനക്കാരുൾപ്പെടുന്ന നാല് പേർ വാഹനത്തിലിരുന്ന് മദ്യപിക്കുകയും അബോധാവസ്ഥയിൽ മറ്റു വാഹനങ്ങൾക്ക് അപായം ഉണ്ടാകുന്ന തരത്തിൽ വാഹനം ഓടിക്കുകയുമായിരുന്നു. വാഹനം ഇടിച്ചതിന് ശേഷം തടയാൻ ശ്രമിച്ച നാട്ടുകാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ് സ്ഥലം വിടുകയും ചെയ്‌തതായി നാട്ടുകാർ പറയുന്നു.പിന്തുടർന്ന നാട്ടുകാർ വാഹനം തടഞ്ഞു നിറുത്തി വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 4 പേരെയും കസ്റ്റഡിയിലെടുത്ത് അടുത്തുള്ള ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി.