
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ചായം വാർഡുകളുടെ അതിർത്തി പ്രദേശമായ മണലയം മേഖലയിൽ അനുഭവപ്പെടുന്ന ദുർഗന്ധത്തിനും, ഈച്ചശല്യത്തിനും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ തൊളിക്കോട് പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചു.
സെക്രട്ടറിയുടെ ഒാഫീസിൽ ഒരു മണിക്കൂറോളം ഉപരോധസമരം നടത്തി. ഒടുവിൽ വിതുര എസ്.ഐ എസ്.എൽ. സുധീഷ് സമരക്കാരുമായി ചർച്ച നടത്തുകയും 24 മണിക്കൂറിനകം കോഴിഫാം പൊളിച്ചു മാറ്റാമെന്ന് ഉറപ്പ് നൽകുകയും ചെയ്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്. മണലയം, പേരയത്തുപാറ നിവാസികളാണ് സമരം നടത്തിയത്.
പ്രദേശത്തെ ഈച്ച ശല്യത്തെ സംബന്ധിച്ച് നാട്ടുകാർ തൊളിക്കോട് പഞ്ചായത്തിലും, ആരോഗ്യവകുപ്പിലും, വിതുര പൊലീസിലും പരാതി നൽകിയിരുന്നു. പഞ്ചായത്തിന്റേയും, ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിലെത്തി പരിശോധനകളും നടത്തിയിരുന്നു.
വിതുര എസ്.ഐ എസ്.എൽ. സുധീഷും ഫാമിൽ പരിശോധനയ്ക്കെത്തിയിരുന്നു. മേൽനടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.മണലയത്തിന് പുറമേ പേരയത്തുപാറ,ചാരുപാറ മേഖലയിലേക്കും ഈച്ച ശല്യം വ്യാപിച്ചിട്ടുണ്ട്.
പ്രദേശം ദുർഗന്ധപൂരിതം
മൂന്നാഴ്ചയായി പ്രദേശം മുഴുവൻ ചീഞ്ഞു നാറുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാത്രമല്ല ഇൗച്ചയുടെയും,കൊതുകിന്റേയും ശല്യവും വർദ്ധിച്ചു. വീടുകളിൽ കൂട്ടത്തോടെയാണ് ഇൗച്ചകളെത്തുന്നത്.
മണലയത്ത് നടത്തുന്ന സ്വകാര്യ കോഴിഫാമിൽ നിന്നാണ് ദുർഗന്ധവും, ഇൗച്ച ശല്യമുണ്ടാകുന്നതെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.