
പൂവാർ: വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം വേണമെന്ന പൂവാർ നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു. അരുമാനൂർ പട്യക്കാലയിലെ അരുമാനൂർതുറ ഗവ. എൽ.പി സ്കൂളിന് എതിർ വശത്തായുള്ള 11 സെന്റ് സർക്കാർ ഭൂമിയിലാണ് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. എന്നാൽ നിർമ്മാണം നടക്കുന്ന വില്ലേജ് ഓഫീസ് മന്ദിരത്തോട് ചേർന്ന് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നതാണ് ഇപ്പോൾ വിനയായി മാറിയിരിക്കുന്നത്. റവന്യൂ പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം. 202l ഫെബ്രുവരിയിൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ മുഖ്യമന്ത്രി തന്നെ ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് ആദ്യ വർഷത്തിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്.
2014 ഒക്ടോബറിലാണ് പൂവാർ ഗ്രാമ പഞ്ചായത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അതിന് മുൻപ് തിരുപുറം വില്ലേജിന്റെ ഭാഗമായിരുന്നു പൂവാർ. ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു വില്ലേജ് എന്ന നയം നടപ്പായതോടെയാണ് പൂവാർ വില്ലേജ് നിലവിൽ വന്നത്. ഇതോടെ പൂവാർ തീരമേഖലകളിൽ നിന്നും വില്ലേജുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് തിരുപുറം പഴയകട വരെ യാത്ര ചെയ്യേണ്ട അവസ്ഥയ്ക്ക് വിരാമമായി. ഇത്ര കാലവും വാടക കെട്ടിടത്തിലാാണ് പ്രവർത്തിച്ചിരുന്നത് എങ്കിലും തൊട്ടടുത്ത് സേവനങ്ങൾ ലഭ്യമായിരുന്നത് പ്രദേശവാസികൾക്ക് ആശ്വാസമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വില്ലനായി ട്രാൻസ്ഫോർമർ
നിർമ്മാണം നടക്കുന്ന ഓഫീസ് മന്ദിരത്തിനുത്തുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം സമീപത്തുണ്ടെങ്കിലും നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ വിഷമവൃത്തത്തിലാണ് അധികൃതർ. ഗ്രാമ പഞ്ചായത്ത് ഇലക്ട്രിസിറ്റി ബോർഡിനോട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇതിന്റെ ചെലവിനത്തിൽ 13 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്. ഇത്ര വലിയ തുക അടയ്ക്കാൻ നിർവ്വാഹമില്ലന്ന് ഗ്രാമ പഞ്ചായത്തും കളക്ടറും കൈയൊഴിഞ്ഞതോടെ ട്രാൻസ്ഫോർമർ നിലനിറുത്തി കെട്ടിട നിർമ്മാണത്തിന്റെ ഫണ്ട് ചെലവിടുകയാണ് മുഖ്യ ലക്ഷ്യമെന്ന് കളക്ടറേറ്റ് അധികൃതർ പറഞ്ഞതായി വില്ലേജ് അധികൃതർ പറയുന്നത്.
ദിനംപ്രതി നിരവധി പേർ എത്തുന്ന വില്ലേജ് ഓഫീസ് മന്ദിരത്തിന് സമീപത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാതെ പ്രവർത്തനോദ്ഘാടനം നടത്തരുതെന്ന് നാട്ടുകാർ
പൂവാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒരു മിനി റവന്യൂ ടവർ നിർമ്മിക്കണമെന്നും ആവശ്യം
പൂവാർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും ജനങ്ങൾക്ക് വന്നുപോകാൻ കഴിയുന്ന തരത്തിൽ ബസ്‌സ്റ്റാൻഡ് പരിസരത്ത് വില്ലേജ് ഓഫീസ് നിർമ്മിക്കണമെന്നു ആവശ്യം തുടക്കത്തിൽ ചില സംഘടനകൾ ഉന്നയിച്ചിരുന്നു. എന്നാൽ ടൗൺ കേന്ദ്രീകരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതാണ് പട്യക്കലയിൽ വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഇടയായതെന്ന് റവന്യൂ ജീവനക്കാർ പറഞ്ഞു.