
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർദ്ധിപ്പിക്കുന്നതിൽ സർവീസ് സംഘടനകളും യുവജന സംഘടനകളും വ്യത്യസ്ത തട്ടിൽ. പെൻഷൻ പ്രായം 58 ആക്കണമെന്നാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷന്റെ ശക്തമായ ആവശ്യം.സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇങ്ങനെയൊരു തീരുമാനം വന്നാൽ ശക്തമായി എതിർക്കാനാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാവരും ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
പെൻഷൻ പ്രായം
കൂട്ടാൻ ആലോചിച്ചിട്ടില്ല
കെ.എൻ. ബാലഗോപാൽ
(ധനമന്ത്രി)
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നത് സർക്കാർ ആലോചിച്ചിട്ടില്ല.അത്തരം നിർദ്ദേശങ്ങൾ പല സമിതികളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും സർക്കാർ പരിഗണിച്ചിട്ടില്ല.ഏറ്റവുമൊടുവിൽ ചെലവുകുറയ്ക്കാനുള്ള നിർദ്ദേശങ്ങളുടെ കൂട്ടത്തിലും അതുണ്ട്. എന്നാൽ അത്തരം പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ തടസ്സങ്ങളുണ്ട്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന നിർദ്ദേശമുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ചർച്ചയൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.അതേ സമയം ജീവനക്കാരുടെ പുനർവിന്യാസത്തിലൂടെ പുതിയ നിയമനങ്ങൾ നിയന്ത്രിക്കും.
ഇതൊരുഅടിയന്തര പ്രശ്നമല്ല
ഡോ. എം. വിജയനുണ്ണി
( മുൻ ചീഫ് സെക്രട്ടറി )
സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ല. ഇപ്പോൾ തന്നെ 2014 മുതൽ ജോലിക്ക് കയറിയ, പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടവരുടെ പെൻഷൻ പ്രായം 60 വയസാണ്. അതിനു ശേഷം സർവീസിൽ കയറിയവർക്കും അതു തന്നെയാണ് ബാധകം. പഴയ ജീവനക്കാർക്കാണ് മുഴുവൻ സർക്കാർ പെൻഷൻ കിട്ടുന്നത്. അവരുടെ വിരമിക്കൽ പ്രായം നിലവിൽ 56 ആണ്. ഓരോ വർഷം കഴിയുന്തോറും ഓരോ മാസം കഴിയുന്തോറും ഈ പെൻഷൻകാരുടെ എണ്ണം റിട്ടയർമെന്റിലൂടെ കുറയുകയാണ്. അതു കൊണ്ട് നിലവിലുള്ള രീതി തുടരുന്നതാണ് സർക്കാരിനും ജീവനക്കാർക്കും എല്ലാവർക്കും നല്ലത്.
അടിയന്തര ശ്രദ്ധ ലഭിക്കേണ്ട ഒരു പ്രാധാന്യവും ഈ പ്രശ്നത്തിനില്ല. ഇത് ഒരു പ്രശ്നമായിട്ടേ കണക്കിലെടുക്കേണ്ട കാര്യമില്ല. ആദ്യം 55 വയസായിരുന്നു. പിന്നെ അത് 56 ആക്കി. കുറച്ചുപേർക്ക് ഇപ്പോൾ തന്നെ 60 വയസായിട്ടുണ്ടല്ലോ. മറു വിഭാഗത്തിന്റെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ അവർക്ക് സർക്കാർ പെൻഷനാണ് പൂർണമായും ലഭിക്കുന്നത്. അത്തരം വിഷയങ്ങളും ഇതിലുണ്ട്.
ഉയർത്തുന്നത് ആരോഗ്യകരം
ഡോ.രവികുമാർ കുറുപ്പ് (റിട്ട.)
മുൻ വകുപ്പ് മേധാവി, ജനറൽ മെഡിസിൻ
മെഡിക്കൽ കോളേജ്, തിരുവനന്തപുരം.
പെൻഷൻപ്രായം ഉയർത്തുന്നത് ഭരണപരവും സാമ്പത്തികവുമായ രീതിയിൽ ആരോഗ്യകരമായ തീരുമാനമായിരിക്കും. 57 വയസിൽ ആരുടെയും ജോലി ചെയ്യാനുള്ള ക്ഷമത കുറയില്ല. നല്ലരീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന പ്രായമാണ്. നമ്മുടെ രാജ്യത്ത് പല സർവീസിലും പെൻഷൻ പ്രായം 60ന് മുകളിലാണ്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും വിരമിയ്ക്കൽ ഇല്ല. സർക്കാർ സർവീസിലെത്തുന്ന ഒരാളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താനാകണം. അല്ലെങ്കിൽ സർക്കാരിന് അത് നഷ്ടമായിരിക്കും. 55വയസുവരെ ഊർജ്ജസ്വലമായ രീതിയിൽ ജോലിചെയ്തുവരുന്നവരെ പെട്ടന്ന് വീട്ടിലിരുത്തുന്നതാണ് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പെൻഷൻ പ്രായം ഉയർത്തുന്നത് നാടിന് എല്ലാതരത്തിലും ഗുണകരമായിരിക്കും.
ഇങ്ങനെയൊരു
നീക്കത്തെക്കുറിച്ച് അറിവില്ല
എ.എ.റഹീം
(ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്)
പെൻഷൻ പ്രായം ഉയർത്തുന്നതിനെക്കുറിച്ച് ഡി.വൈ.എഫ്.ഐ കേരള ഘടകം ഇതേവരെ ചർച്ച നടത്തിയിട്ടില്ല. ധനമന്ത്രി വിളിച്ചു ചേർത്ത യുവജന സംഘടനകളുടെ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വെറുതെ പുറത്തുവരുന്ന ചില വാർത്തകളാണ് ഇത്. ചില മാദ്ധ്യമങ്ങൾ ഏറെ നാളായി പ്രചരിപ്പിക്കുന്ന ഒരു വിഷയമാണിത്. ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് ഡി.വൈ.എഫ്.ഐയ്ക്ക് അറിവില്ല. സർക്കാർ തലത്തിലോ പാർട്ടി തലത്തിലോ ചർച്ചചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല.
പെൻഷൻ പ്രായം വർദ്ധിപ്പിക്കണം
പെൻഷൻ പ്രായം 58 ആക്കണമെന്നാണ് കേരള സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷന്റെ ആവശ്യം. ശമ്പള പരിഷ്കരണ കമ്മീഷനോടും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മറ്റ് ഇടതുപക്ഷ സർവീസ് സംഘടനകളും സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സി.പി.എം സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലും കേരളത്തിലേക്കാൾ ഉയർന്ന പെൻഷൻ പ്രായമാണ് നിലവിലുള്ളത്. സർവീസ് സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്.
-പി.ഹണി
(പ്രസിഡന്റ് ,കേരള സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷൻ)
പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിലപാട് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇത് നടപ്പാക്കരുത്. സമവായത്തിലൂടെ വേണം തീരുമാനമെടുക്കാൻ.
25,000 ജീവനക്കാർ ഒരുമിച്ച് വിരമിക്കുമ്പോൾ വരുന്ന 4000 കോടിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യമായിരിക്കാം സർക്കാരിനുള്ളത്. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കാലത്ത് പെൻഷൻ പ്രായം ഏകീകരിച്ചപ്പോൾ സൂപ്പർന്യൂമറിയായി നിയമനം നടത്തിയിരുന്നു.
- ഇ. പ്രേംകുമാർ
|(എൻ.ജി.ഒ യൂണിയൻ
സംസ്ഥാന പ്രസിഡന്റ്)
ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണം. കേന്ദ്ര സർക്കാർ പെൻഷൻ പ്രായം 62 ആക്കാനുള്ള നീക്കം നടത്തുമ്പോഴാണ് ഇവിടെ ഇങ്ങനെ. പെൻഷൻ പ്രായം 57 ആക്കാനുള്ള ചർച്ച നടത്തുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. അല്ലാതെ ജീവനക്കാരോടുള്ള ആത്മാർത്ഥത കൊണ്ടൊന്നുമല്ല. പെൻഷൻ പ്രായം ഉയർത്തുന്നതിനൊപ്പം പി.എസ്.സിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധിയിലും ആനുപാതികമായ വർദ്ധനവ് വരുത്തണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടുകയും വേണം.
- ചവറ ജയകുമാർ
(പ്രസിഡന്റ്, എൻ.ജി.ഒ
അസോസിയേഷൻ)
പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. നിലവിലെ സാഹചര്യത്തിൽ ഈ അജണ്ടയുമായി മുന്നോട്ട് പോകുന്നില്ല. പെൻഷൻ പ്രായത്തിൽ രാജ്യം മുഴുവൻ ഏകീകരണം വേണം. കേരളത്തിൽ തന്നെ പല രീതിയിലാണ് പെൻഷൻ പ്രായം. പെൻഷൻ പ്രായം കൂട്ടുന്നത് കൊണ്ട് നീതി തുല്യമാകണമെന്ന നിലപാടാണുള്ളത്
-ജയചന്ദ്രൻ കല്ലിംഗൽ
(ജനറൽ സെക്രട്ടറി, ജോയിന്റ്
കൗൺസിൽ)
പെൻഷൻ പ്രായം 60 ആക്കണം. പെൻഷൻ പ്രായം വർദ്ധനവിന്റെ കാര്യത്തിൽ ഇടത്, വലത് സർക്കാരുകൾ ഇതുവരെ നീതി പാലിച്ചിട്ടില്ല. തൊഴില്ലായ്മ ഇല്ലാതാക്കാനുള്ള പരിഹാരം സർക്കാർ ജോലി മാത്രമാണെന്ന ചിന്ത പൊതുസമൂഹം ഉപേക്ഷിക്കണം
-എസ്.കെ.ജയകുമാർ
(സംസ്ഥാന ജനറൽ സെക്രട്ടറി,
ഫെറ്റോ)
പെൻഷൻ പ്രായം 60 ആയി ഉയർത്തണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ, പെൻഷൻ പ്രായം ഉയർത്തുന്നതിന് ആനുപാതികമായി പി.എസ്.സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയും കൂട്ടണം. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും നിയമനം നടത്തിയാൽ യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകും. ജീവനക്കാർക്ക് ട്രെയിനിംഗ് നിർബന്ധമാക്കി സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നുണ്ട്. അതിന് പറ്റിയ അവസരം കൂടിയാണിത്. പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവിലേക്ക് പി.എസ്.സി വഴി നിയമനം നൽകേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷം അവരെ മുൻകൂട്ടി എടുത്ത ശേഷം നിശ്ചിത അലവൻസ് നൽകിക്കൊണ്ട് പരിശീലനം നൽകണം. ഇതിലൂടെ അവരുടെ കാര്യക്ഷമ വർദ്ധിക്കുകയും ചെയ്യും
-എം.എസ്.ജ്യോതിഷ്
(പ്രസിഡന്റ്, കേരള സെക്രട്ടേറിയറ്റ്
അസോസിയേഷൻ)
പെൻഷൻ പ്രായം 60 ആക്കി ഉയർത്തണം. സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്ന പലരും ഇന്നത്തെക്കാലത്ത് സ്വകാര്യ ജോലിക്ക് പോകുന്നുണ്ട്.സർവീസിലിരിക്കുന്ന സമയത്ത് ജീവനക്കാർ ആർജിക്കുന്ന അറിവും വൈദഗ്ദ്ധ്യവും തുടർന്നും ഉപയോഗിക്കുകയാണ് വേണ്ടത്
-ആകാശ് രവി
(സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് പ്രസിഡന്റ്)
പെൻഷൻ പ്രായം ഉയർത്തണമെന്നത് പൊതുനിലപാടാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. നടപ്പു വർഷം 21,000 ഉം അടുത്ത വർഷം 19,000 ജീവനക്കാരാണ് പെൻഷനാവുന്നത്. ആനുകൂല്യ വിതരണത്തിന് കോടികൾ വേണ്ടിവരും. പെൻഷൻ പ്രായം കൂട്ടിയാൽ ഈ പ്രതിസന്ധി മറികടക്കാം. ഇപ്പോൾ തന്നെ സംസ്ഥാനത്ത് 56 വയസുമുതൽ 62 വരെ അഞ്ചു തരത്തിലുള്ള പെൻഷൻ പ്രായമാണുള്ളത്. ഇത് ഏകീകരിക്കണം. തൊഴിൽ രഹിതരുടെ കാര്യത്തിനും പരിഹാരം വേണം. ഉടൻ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം.
-സുധികുമാർ.എസ്
(സെക്രട്ടേറിയറ്റ് സ്റ്റാഫ്
അസോസിയേഷൻ ജനറൽ സെക്രട്ടറി)
പെൻഷൻ പ്രായം ഉയർത്തരുത്
പെൻഷൻ പ്രായം ഉയർത്തരുത്. രൂക്ഷമായ തൊഴിലില്ലായ്മയാണ് കേരളത്തിലുള്ളത്. അതിനിടെ പെൻഷൻ പ്രായം കൂട്ടി യുവാക്കളുടെ ആഗ്രഹങ്ങളെ സർക്കാർ അട്ടിമറിക്കരുത്. കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടായിരുന്ന പി.എസ്.സിയിലെ നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ചെലവ് കുറയ്ക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ മറ്റ് ചെലവുകൾ കുറയ്ക്കുകയാണ് വേണ്ടത്. അല്ലാതെ ബാദ്ധ്യത മുഴുവൻ ജോലി ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ തലയിൽ വയ്ക്കരുത്
-ഷാഫി പറമ്പിൽ എം.എൽ.എ
(യൂത്ത് കോൺഗ്രസ് സംസ്ഥാന
പ്രസിഡന്റ്)
സംസ്ഥാനത്ത് പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളയണം. യാതൊരു കാരണവശാലും പെൻഷൻ പ്രായം വർദ്ധിപ്പിക്കരുത്.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളോടുള്ള കടുത്ത നീതി നിഷേധമായിരിക്കും പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ. കൊവിഡ് മൂലം നിയമനങ്ങൾ നടത്തുന്നതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ട്. രാജ്യം 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും സമ്പൂർണ്ണമായ സ്വകാര്യവത്കരണ നയവുമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ നിർദ്ദേശങ്ങളില്ല.കേരളത്തിലെ നിയമനങ്ങൾ സർക്കാർ ത്വരിതപ്പെടുത്തണം.
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള എന്ത് തീരുമാനം ഉണ്ടായാലും ശക്തമായ പ്രക്ഷോഭം തുടങ്ങും.
- ടി.ടി.ജിസ്മോൻ
(എ.ഐ.വൈ.എഫ്
സംസ്ഥാന സെക്രട്ടറി)