
ആശാന്റെ നെഞ്ചത്തോ കളരിക്കു പുറത്തോ എന്ന തിരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോൾ ആശാന്റെ നെഞ്ചത്തു ചവിട്ടി കളരിക്ക് പുറത്തുപോകുകയെന്ന വഴി പ്രതിപക്ഷം തിരഞ്ഞെടുത്തു. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിൽ ഗവർണറെയും സർക്കാരിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നയപ്രഖ്യാപനവും അവർ ബഹിഷ്കരിച്ചു. ഗവർണറാശാനെ തള്ളി നിയമസഭാ കളരിയിൽ നിന്ന് അവർ മുദ്രാവാക്യം വിളിയോടെ പുറത്തേക്കു പോയി.
യു.പിക്കാരനായ ഗവർണർക്കു മനസിലാവാൻ പ്രതിപക്ഷം ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രാവാക്യം വിളിച്ചു. 'ഗോ ബാക്ക്, ഗോ ബാക്ക്...', 'വാപസ് ജാവോ, വാപസ് ജാവോ...!' ഭരണഘടനാപരമായ തന്റെ അവകാശം വിനിയോഗിക്കുമെന്ന് ഗവർണർ കർക്കശക്കാരനായി. രാവിലെ 8.56 ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പാർലമെന്ററികാര്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമൊപ്പം ഗവർണർ സഭാതലത്തിലെത്തി. പ്ലക്കാർഡുകളും ബാനറുകളുമടക്കം സർവ സന്നാഹത്തോടെ പ്രതിപക്ഷവും എത്തിയിരുന്നു. ഗവർണർ വന്നപാടേ അൻവർ സാദത്ത് മുദ്രാവാക്യം വിളി തുടങ്ങി. മറ്റംഗങ്ങൾ ഏറ്റുവിളിച്ചു. സാദത്ത് നിറുത്തുമ്പോൾ റോജി എം.ജോൺ ബാറ്റൺ ഏറ്റെടുത്തു. 'ഗോ ബാക്ക്, ഗോ ബാക്ക്', 'ഒത്തുകളി, ഒത്തുകളി...'- ബാൻഡ്മേളത്തിൽ മുദ്രാവാക്യങ്ങൾ അലിഞ്ഞുചേർന്നു; കരോക്കെ ഗാനമേള പോലെ. ദേശീയഗാനം മുഴങ്ങിയപ്പോൾ മാത്രം അടങ്ങിനിന്നു.
'ഗവർണർ ഗോബാക്ക്' എന്നെഴുതിയ ബാനർ പിൻനിരയിൽ നജീബ് കാന്തപുരവും ടി. സിദ്ദിഖും സി.ആർ. മഹേഷും ചേർന്ന് നിവർത്തിപ്പിടിച്ചു. ഒത്തുകളിയുടെ രാജാവ് എന്ന വിശേഷണം ഗവർണർക്കു ചാർത്തിയത് ടി. സിദ്ദിഖാണ്. ഗവർണർ പ്രസംഗത്തിലേക്ക് കടക്കാനൊരുങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. ഗവർണർക്കെതിരായ പ്രതിഷേധത്തിന് മൂന്നു കാരണങ്ങൾ അദ്ദേഹം ഇംഗ്ലീഷിൽ നിരത്തി. മൈക്ക് അനുവദിക്കാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം അവിടെത്തന്നെ അലയടിച്ചുവീണു. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പു വച്ചതും കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനു വഴങ്ങിയതും ലോകായുക്ത ഭേദഗതി ഓർഡിനൻസിന് ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ സഭാസമ്മേളനത്തിന് അനുമതി കൊടുത്തതുമാണ് ഗവർണർ- സർക്കാർ ഒത്തുകളിക്ക് കാരണങ്ങളായി പ്രതിപക്ഷനേതാവ് കണ്ടത്.
"പ്രതിപക്ഷ നേതാവേ, നിങ്ങളൊരു ഉത്തരവാദിത്വമുള്ള നേതാവല്ലേ. ഈ സെഷൻ ഇന്നിവിടെ ആരംഭിക്കുകയല്ലേ. ഇതെല്ലാം ചർച്ച ചെയ്യാമല്ലോ. ഇപ്പോൾ ഇവിടെ പ്രസംഗിക്കേണ്ടത് ഭരണഘടനാപരമായ എന്റെ അവകാശവും ബാദ്ധ്യതയുമാണ് "- ഗവർണർ പറഞ്ഞു. പ്രതിപക്ഷം കേട്ടില്ല.
ഒമ്പതു മണിയും ഒരു മിനിറ്റുമായപ്പോൾ മുദ്രാവാക്യം വിളിച്ചുകൊണ്ടുതന്നെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പിന്നീട് സർക്കാരിന്റെ പദ്ധതികളും കേന്ദ്ര അവഗണനയും എല്ലാമടങ്ങിയ പ്രസംഗം ഗവർണർ വായിച്ചു. ഇടയ്ക്കിടയ്ക്ക് ഭരണപക്ഷാംഗങ്ങൾ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചു. 9.58 ആയപ്പോൾ സ്പീക്കറോട് അനുമതി തേടി പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് ഗവർണർ പോയി. ഇടയ്ക്കുള്ള കുറേഭാഗം വായിക്കാതെ വിട്ടു. 10 മണി ആറ് മിനിറ്റായപ്പോൾ പ്രസംഗം അവസാനിപ്പിച്ച് മടക്കം.