
വിഴിഞ്ഞം: പനത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് യുവാവിനെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ. കഞ്ചാവ് വിൽക്കുന്നതിനെയും വലിക്കുന്നതിനെയും എതിർത്ത പൂങ്കുളം ഉണ്ണിശങ്കറിനെ മർദ്ദിച്ച കേസിൽ വെള്ളാർ കൈതവിള കോളനിയിൽ ജിത്തു ലാൽ (22), കോവളം സ്വദേശി അനിക്കുട്ടൻ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണി ശങ്കർ ചികിത്സയിലാണ്. ജിത്തുലാൽ തിരുവല്ലം, കോവളം, സ്റ്റേഷനുകളിൽ 5 അടിപിടി കേസുകളിൽ പ്രതിയാണ്.അനിക്കുട്ടൻ തിരുവല്ലം,കോവളം, മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി 10 കേസുകളിലെ പ്രതിയാണ്. ആറ്റിങ്ങൽ ബിവറേജസിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി.നായർ പറഞ്ഞു. എസ്.ഐ മാരായ ടി. ബിപിൻ പ്രകാശ്, വൈശാഖ്, പ്രസന്നകുമാർ, സി.പി. ഒ വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.