
തിരുവനന്തപുരം: വസ്തു തരം മാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. ഇതിന് വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫീസുകളിലായി താത്കാലികാടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന 891 തസ്തികകളിൽ ഒരു മാസത്തിനുള്ളിൽ നിയമനം നടത്തി പരിശീലനം തുടങ്ങും.
23 സീനിയർ സൂപ്രണ്ട്, 87 ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ള തസ്തികകളാണ് 6 മാസത്തേക്ക് സൃഷ്ടിക്കുന്നത്. 650 ക്ലാർക്ക് തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്സേഞ്ച് മുഖേനയാവും നിയമനം. . ബാക്കി തസ്തികകളിൽ പ്രൊമോഷൻ മുഖേനയും. കെട്ടിക്കിടക്കുന്ന 1,40,000ത്തോളം അപേക്ഷകൾ അദാലത്ത് നടപടികളിലൂടെ ആറ് മാസങ്ങൾ കൊണ്ട് തീർപ്പാക്കുകയാണ് ലക്ഷ്യം.
വസ്തുവിന്റെ കരമൊടുക്കൽ ഓൺലൈനാക്കിയതോടെയാണ് തരം മാറ്റത്തിനുള്ള അപേക്ഷകളുടെ എണ്ണം കൂടിയത്. വസ്തുവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുന്ന കോളം ഓൺലൈൻ അപേക്ഷയിലുണ്ട്. ഈ വർഷം പുതുതായി 3 ലക്ഷത്തോളം അപേക്ഷകൾ വരാൻ സാദ്ധ്യതയുണ്ടെന്നും റവന്യുവകുപ്പ് കണക്കാക്കുന്നു.
വാഹനങ്ങൾ നൽകും
650 ഓളം വില്ലേജ് ഓഫീസുകളിൽ നൂറോ അതിൽ കൂടുതലോ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒരു വാഹനമെന്ന ക്രമത്തിൽ അനുവദിക്കും. ഇതിലേക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കും. 2000 ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നിടത്ത് ഓരോ ജൂനിയർ സൂപ്രണ്ടിനെ നിയമിക്കും.
തീർപ്പാകേണ്ട അപേക്ഷകൾ- 1,40,000
താത്കാലിക തസ്തികകൾ- 891
അപേക്ഷ തീർപ്പാക്കലിന് വേണ്ടിവരുന്ന ചെലവ്- 40 കോടി