
പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഭരണത്തലവനായ ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണമെന്ന ഭരണഘടനാ വ്യവസ്ഥ കഴിഞ്ഞ കുറെ വർഷങ്ങളായി പല സംസ്ഥാനങ്ങളിലും ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിലും ബഹിഷ്കരണത്തിലുമാണ് കലാശിക്കാറുള്ളത്. ഗവർണർ പദവിയിലെത്തുന്നവർ സ്ഥാനം വിസ്മരിച്ച് പെരുമാറാൻ തുടങ്ങുന്നതാണ് ഏറ്റുമുട്ടലിന്റെ പാത തുറക്കുന്നത്. കേരളത്തിലും അടുത്തകാലത്തായി ഗവർണർ - സർക്കാർ ഏറ്റുമുട്ടൽ പതിവായിക്കഴിഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം തന്നെ ഇത്തരമൊരു ഏറ്റുമുട്ടലിന്റെ ഒട്ടും സ്വീകാര്യമല്ലാത്ത പരിണതിക്കു ശേഷമായിരുന്നു എന്ന വസ്തുത ഏറെ ദുഃഖകരമാണ്. ഗവർണർമാരുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സഭയിൽ ബഹളവും ബഹിഷ്കരണവും ആശാസ്യമല്ലാത്ത സംഘർഷരംഗങ്ങളുമൊക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തേതു പോലൊരു സന്ദർഭം ഇതിന് മുൻപുണ്ടായതായി അറിവില്ല. സർക്കാർ തയ്യാറാക്കി രാജ് ഭവനിലെത്തിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ വിസമ്മതിച്ച ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ അത്യപൂർവമായ നിലയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഉന്നത സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥനെ തൽസ്ഥാനത്തു നിന്നു മാറ്റേണ്ടിവന്നു. വിലപേശലിന് ഒടുവിൽ വഴങ്ങിയെങ്കിലും അതിന്റെ പ്രതിഫലനം ആവോളം നേരിൽക്കണ്ട ശേഷമാണ് ഗവർണർ ഇന്നലെ പ്രസംഗം ഭാഗികമായി പൂർത്തിയാക്കി നിയമസഭ വിട്ടത്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനൊപ്പം ഭരണപക്ഷവും ഗവർണറോടുള്ള തങ്ങളുടെ അതൃപ്‌തിയും നിസഹരണവും പുറത്തെടുത്തത് അപൂർവ കാഴ്ചയായിരുന്നു. ഗവർണർ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരാവകാശങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും പുനർവിചിന്തനം വേണമെന്ന വാദത്തിന് ശക്തിപകരുന്നതാണ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഇവിടെ അരങ്ങേറിയ വിവാദങ്ങൾ.
ഒരുമണിക്കൂർ എട്ട് മിനിട്ട് നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഒന്നാം വാർഷികാഘോഷത്തിന് ഒരുങ്ങിനിൽക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് എടുത്തുകാട്ടാനാണ് ഗവർണർ ശ്രമിച്ചത്. ഒപ്പം തന്നെ കേന്ദ്രനയങ്ങളെ ശക്തമായി വിമർശിക്കുകയും ചെയ്തു. നാനാ മേഖലകളിലും പുരോഗതി നേടിക്കൊണ്ടിരിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ പോലും ലഭിക്കാത്തതിലെ പരിഭവവും ഗവർണർ മറച്ചുവച്ചില്ല. ഫെഡറൽ സങ്കല്‌പങ്ങളെ തകർക്കുന്ന വിധത്തിലാണ് കേന്ദ്രത്തിന്റെ പോക്ക്. കൺകറന്റ് വിഷയങ്ങളിൽ പോലും സംസ്ഥാനങ്ങളെ പാടേ ഇരുട്ടിൽ നിറുത്തി ഏകപക്ഷീയമായും സ്വേച്ഛാപരമായും നിയമനിർമ്മാണങ്ങൾ നടത്തുന്നു. സംസ്ഥാനങ്ങൾക്ക് ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ ചെറുതല്ല. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറി നടത്തുന്ന നിയമ നിർമ്മാണങ്ങൾ അവസാനം കേന്ദ്രത്തിനു തന്നെ തിരിച്ചടിയായിട്ടും ആ ശൈലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെയും ഗവർണർ വിമർശിക്കുന്നുണ്ട്. കേന്ദ്ര നയങ്ങളെ വിമർശിക്കുന്ന ഒരു ഭാഗവും ഗവർണർ ഒഴിവാക്കിയില്ലെന്നത് എടുത്തുപറയേണ്ടതാണ്.
നയപ്രഖ്യാപനമായിട്ടും എടുത്തുപറയാവുന്ന പുതിയ പദ്ധതികളോ പുതിയ നയങ്ങളോ പ്രസംഗത്തിൽ അധികം കണ്ടില്ല. എൽ.ഡി.എഫ് സർക്കാർ ഇതുവരെ വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിവരിച്ചിട്ടുണ്ട്. ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽപാത എത്രയും വേഗം യാഥാർത്ഥ്യമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. മറ്റൊരു ബൃഹദ് പദ്ധതിയായ കെ - ഫോണിന്റെ ആദ്യഘട്ടം ഉടനെ പ്രവർത്തനക്ഷമമാകുമെന്ന സന്തോഷവാർത്തയും ഗവർണർ വെളിപ്പെടുത്തി. ഭൂരഹിതർക്ക് ഭൂമിയും പട്ടയവും വിനോദസഞ്ചാരികൾക്കായുള്ള സുരക്ഷാപദ്ധതികൾ, കൈയേറ്റങ്ങൾ തടയൽ, ചെറുകിട - സൂക്ഷ്മ വ്യവസായ യൂണിറ്റുകൾക്ക് അപേക്ഷിച്ചാലുടൻ അനുമതി, അമ്പലമുകളിൽ പെട്രോ കെമിക്കൽ കോംപ്ളക്സിന് 481 ഏക്കർ ഭൂമി, കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴിയുടെ വികസനം, വിള ഇൻഷ്വറൻസ് പദ്ധതി പരിഷ്കരണം തുടങ്ങി ഒട്ടേറെ പരിപാടികളെക്കുറിച്ച് ഗവർണർ വിശദീകരിക്കുന്നുണ്ട്. നൂറുദിന കർമ്മപരിപാടികളുടെ മാതൃകയിൽ ജനോപകാരപ്രദമായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അസംഘടിത തൊഴിലാളികളുടെ സ്ഥിതിവിവരങ്ങൾ തയ്യാറാക്കാൻ നടപടിയെടുക്കും. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ചികിത്സാകേന്ദ്രം തുടങ്ങും. മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വ്യവസായികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യക്തമായ നടപടികളുണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകുന്നു. ഉത‌്‌പാദകരെ വിപണിയുമായി ബന്ധിപ്പിക്കാൻ സംവിധാനമൊരുക്കും.
കൊവിഡ് നേരിടുന്നതിലും എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മെച്ചപ്പെട്ട പരിരക്ഷ നൽകുന്നതിലും കേരളം മാതൃകയാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. പ്രതിരോധ കുത്തിവയ്പിലും ഈ നേട്ടം നിലനിറുത്താനായത് ആരോഗ്യമേഖലയുടെ വിജയമാണ്. എല്ലാ സുസ്ഥിര വികസന സൂചികകളിലും കേരളം രാജ്യത്ത് ഏറ്റവും മുന്നിലായതും സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങങ്ങൾക്കുള്ള സാക്ഷ്യപത്രമായി ഗവർണർ എടുത്തുകാട്ടി.
മുദ്രാവാക്യം മുഴക്കിയും ബഹളം വച്ചും പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷം താമസിയാതെ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത് തടസമില്ലാതെ പ്രസംഗം പൂർത്തിയാക്കാൻ ഗവർണർക്കു സഹായകമായി. ഒരുഘട്ടത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി ശകാരിക്കാൻ പോലും ഗവർണർ മടിച്ചില്ല. ഏതായാലും മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകാതെ നയപ്രഖ്യാപന പ്രസംഗമെന്ന പതിവു കീഴ്‌വഴക്കം ഇങ്ങനെ അവസാനിച്ചത് ആശ്വാസകരമാണ്. കൊവിഡ് കളമൊഴിയുന്നതിന് പിന്നാലെ ലോകമെങ്ങും വൻ വികസന കുതിപ്പിന് അവസരങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനവും വികസന പാതയിൽ മുന്നോട്ട് കുതിക്കുമെന്ന് പ്രതീക്ഷിക്കാം.