m-s-mani

മാദ്ധ്യമലോകത്തെ വിസ്മയമായിരുന്ന എം.എസ്. മണിയുടെ ഇടപെടലുകൾ എന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ എന്നും സഹായിച്ചിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുമ്പോൾ കേരളത്തിലെ പത്രപ്രവർത്തന രംഗത്ത് മണിയുടെ നിരവധി സുഹൃത്തുക്കൾക്ക് ഒട്ടേറെ അനുഭവങ്ങൾ ഓർമ്മിച്ചെടുക്കാനുണ്ട്.

എനിക്ക് എം.എസ്. മണി സ്നേഹസമ്പന്നനായ സഹപാഠിയും സഹോദരനും ആപൽസന്ധികളിൽ കരുത്തുപകർന്ന ഒരു വലിയ മനുഷ്യനുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഞങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകർ എം.എസ്. മണിയെ പരിചയപ്പെട്ടു. അന്നത്തെ കാലത്ത് കേരളകൗമുദിയ്ക്കുണ്ടായിരുന്ന ഒരു 'ഷവർലേ വാനിലാണ് മണി കോളേജിലെത്തുക. പലപ്പോഴും മണിയുടെ ഉറ്റ ചങ്ങാതിമാരായിരുന്ന ചിറയിൻകീഴ് ഖദീജാ തിയേറ്റർ ഉടമയായ ഇസ്‌മെയിലും പിൽക്കാലത്ത് ആകാശവാണി ഡൽഹി വാർത്തകൾ വായിക്കുന്ന ഗോപനും കൂടെയുണ്ടാകും. ഇവരാരും ഞങ്ങളോടൊപ്പം വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനങ്ങൾക്ക് ഒത്തുകൂടിയില്ലെങ്കിലും ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തിരുന്നു. പലപ്പോഴും മണി തന്റെ വാനും ഞങ്ങൾക്ക് വിട്ടുതന്നിട്ടുണ്ട്.

എം.എസ്. മണി പഠനം കഴിഞ്ഞ് കേരളകൗമുദിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പത്രാധിപരുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെത്തി. ഡൽഹിയിലെ പാർലമെന്റ് വാർത്തകൾ റിപ്പോർട്ട് ചെയ്ത് മണി ശ്രദ്ധേയനായി. ദേശീയ നിലവാരത്തിലുള്ള പല പ്രശസ്ത പത്രപ്രവർത്തകരുടെ നിരയിൽ മണി എത്തി. കേരളകൗമുദിയെ ഒരു ദേശീയ ദിനപത്രത്തിന്റെ നിലവാരത്തിലെത്തിക്കുന്നതിൽ മണിയുടെ പങ്ക് വിസ്മരിക്കാനാവില്ല.

പഠനം കഴിഞ്ഞ് എന്തെങ്കിലും ഒരു തൊഴിൽ തേടി ഞാനലഞ്ഞ കാലം. ഒരു ദിവസം ഞാൻ മണിയെ കണ്ട് എന്റെ ബുദ്ധിമുട്ടുകൾ പങ്കുവച്ചു. ''എല്ലാം ശരിയാകും. നിരാശപ്പെടരുത്. ഞാനിപ്പോൾ ഒരു വാരിക തുടങ്ങാൻ നോക്കുകയാണ്. അതിനാവശ്യമായ ഓഫീസ് ഞാൻ കണ്ടെത്തി. അവിടെ ദിവാകരന് ഒരു കസേര ഉണ്ടാകും. വലിയ വേതനം പ്രതീക്ഷിക്കരുത്." എന്റെ ജീവിതത്തിൽ ഇരുൾ പടർന്ന നാളുകളിൽ മണിയുടെ ഈ വാക്കുകൾ വല്ലാത്ത പ്രകാശം പകർന്നു.

പിൽക്കാലത്ത് ഞാനറിഞ്ഞു മണിസാർ എന്ന കേരളകൗമുദിയിലെ എം.എസ്. മണി എല്ലാ ജീവനക്കാരുടെയും ജീവിതക്ളേശങ്ങൾ പരിഹരിക്കാൻ അവരോടൊപ്പം എന്നും സഹകരിച്ചിരുന്നു എന്ന്. കേരളകൗമുദി ജീവനക്കാരുടെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെടാൻ ഇടയായ സന്ദർഭത്തിൽ എനിക്ക് മണിയും ജീവനക്കാരും തമ്മിലുള്ള വൈകാരിക ബന്ധം മനസിലാക്കാൻ കഴിഞ്ഞു.

കേരളത്തിൽ അസാധാരണമായ രാഷ്ട്രീയ - ഭരണ ബന്ധമുള്ള ഒരു വ്യത്യസ്തനായ പത്രപ്രവർത്തകനായിരുന്നു മണി. അധികാര സ്ഥാനങ്ങളിൽ ഒട്ടേറെപേരെ എത്തിക്കുന്നതിൽ മണിയും കേരളകൗമുദിയും നിർവഹിച്ച പങ്ക് വളരെ വലുതാണ്. അവയിൽ ഒന്നു മാത്രമാണ് ശ്രീ. കെ.ആർ. നാരായണൻ ഇന്ത്യൻ റിപ്പബ്ളിക്കിന്റെ പ്രസിഡന്റായത്. ഭരണരംഗത്തെ അഴിമതിക്കെതിരെ എം.എസ്. മണി നടത്തിയ ധീരോദാത്തമായ യുദ്ധമായിരുന്നു 'കാട്ടുകള്ളന്മാർ" എന്ന പരമ്പര. ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ - ഭരണരംഗങ്ങളെ പിടിച്ചുകുലുക്കി.

എന്റെ പ്രിയ സുഹൃത്ത് മണിയുമായി ഞാൻ കാത്തുസൂക്ഷിച്ച വൈകാരികമായ ഒരു സംഭവം കൂടി സൂചിപ്പിക്കുകയാണ്.

1968 - 1969 കാലഘട്ടങ്ങളിൽ പാർട്ടി സ്കൂളിൽ വിദ്യാർത്ഥിയായി ഞാൻ മോസ്‌കോയിൽ പോയി. ഒരു വർഷം മോസ്കോയിൽ പഠനം പൂർത്തിയാക്കി ഞാൻ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് എന്റെ മോസ്കോ യാത്ര. വിവാഹ വാർത്തയും; മോസ്കോ യാത്രയുമെല്ലാം കേരളകൗമുദി വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയിരുന്നു. തിരിച്ചെത്തി ഞാൻ മണിയെ കണ്ടു. ''ദിവാകരനും ഭാര്യയും കൂടി വരണം. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം."

ഞാനും ഹേമയും മണിയുടെ ക്ഷണം സ്വീകരിച്ചു. വെറുംകയ്യോടെ എങ്ങനെ പോകുമെന്നു ഞങ്ങൾ ആലോചിച്ചു. മോസ്കോയിൽ വളരെ അപൂർവമായി കിട്ടുന്ന ഒരു മാലയുമായാണ് പോയത്. വിരൽ കൊണ്ടമർത്തിയാൽ വിടർന്നു വരുന്നതും അതിനുള്ളിൽ ചെറിയ ടൈംപീസ് ഘടിപ്പിച്ചതുമായ ലോക്കറ്റോടു കൂടിയ മാലയായിരുന്നു അത് . ഞങ്ങൾ മണിയുടെ സ്നേഹവിരുന്നുണ്ടു മടങ്ങി.

തൊഴിൽ തേടി അലഞ്ഞ നാളുകളിൽ എനിക്ക് പട്ടാളത്തിൽ ചേരാൻ (അന്ന് പാങ്ങോട് റിക്രൂട്ട്‌മെന്റ് നടക്കുന്ന സമയം) മണി എനിക്ക് ഒരു കത്ത് തന്നു. ഞാനോർമ്മിക്കുന്നു ആ കത്ത് ക്യാപ്റ്റൻ വാസു എന്ന വ്യക്തിക്കായിരുന്നു. ഇനിയും എത്രയോ അനുഭവങ്ങൾ പറയാനുണ്ട്. എല്ലാ അനുഭവങ്ങളും എം.എസ്. മണി എന്ന വലിയ മനുഷ്യനിൽ ചെന്നവസാനിക്കും.