
തിരുവനന്തപുരം: ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലജീവൻ മിഷനിൽ ആകെ കണക്‌ഷൻ 10.58 ലക്ഷമായെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. പദ്ധതി അവസാനിക്കാൻ രണ്ടു വർഷം ശേഷിക്കേ 43 ലക്ഷം കണക്‌ഷനുകളാണ് നൽകാനുള്ളത്. ഇതുമായി സർക്കാരും ജല അതോറിട്ടിയും മുന്നോട്ടു പോവുകയാണ്. എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പ് വഴി കുടിവെള്ളം നൽകാനാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചെലവിന്റെ തുല്യ വിഹിതം വഹിച്ച് ജലജീവൻ മിഷൻ നടപ്പാക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പരും നൽകി കണക്‌ഷൻ നേടാം. ചെലവും തുച്ഛമാണ്. കണക്‌ഷന് പഞ്ചായത്ത് അധികൃതരെയോ വാട്ടർ അതോറിട്ടി അല്ലെങ്കിൽ ജലനിധി ഓഫീസിനെയോ ബന്ധപ്പെടാം.