
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ പാർട്ടികൾ ഗവർണറെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയെങ്കിൽ അക്കാര്യം സർക്കാർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ രാജ്യം ഭരിക്കുന്നത് കോൺഗ്രസ് അല്ല. ആ പാരമ്പര്യം കോൺഗ്രസിന്റേതാണ്. കോൺഗ്രസിന്റെ ഗവർണർമാർ കെ.പി.സി.സിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചായിരുന്നോ പ്രവർത്തിച്ചതെന്ന് വി.ഡി. സതീശൻ പറയണം. മുഖ്യമന്ത്രിയെ ഭയക്കുന്നതിനാലാണ് സതീശൻ സർക്കാരിനെ വിമർശിക്കാത്തത്. പേഴ്‌സണൽ സ്റ്റാഫ് നിയമനം, പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ ഇരുപക്ഷലും നിലപാട് വ്യക്തമാക്കണം. ഗവർണർക്ക് നേരെയുള്ള സൈബർ ആക്രമണവും മുൻമന്ത്രി എ.കെ.ബാലന്റെ പരിഹാസവുമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നും വ്യക്തമാക്കണം.
ഗവർണർ ബി.ജെ.പിയുടെയോ ബി.ജെ.പി ഗവർണറുടെയോ വക്താവല്ല. രണ്ട് വർഷം പേഴ്‌സണൽ സ്റ്റാഫായിരിക്കുന്നവർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്തെങ്ങുമില്ല. തൊഴിലിനായി യുവാക്കൾ നെട്ടോട്ടമോടുമ്പോഴാണ് 155 കോടി പേഴ്സണൽ സ്റ്റാഫിന് നൽകുന്നത്. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ട ഹരി എസ്. കർത്ത ബി.ജെ.പി സംസ്ഥാന സമിതി അംഗമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹരി എസ്.കർത്ത രാഷ്ട്രീയനേതാവാണോയെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് ഉറപ്പാക്കിയതാണ്. ഗവർണറുടെ ശുപാർശ അംഗീകരിച്ചശേഷം കത്ത് അയയ്‌ക്കുകയും അത് പുറത്ത് വിടുകയുമല്ല ചെയ്യേണ്ടിയിരുന്നതെന്നും മുരളീധരൻ പറഞ്ഞു.