
തിരുവനന്തപുരം: 'പരിസ്ഥിതിയുമായി പൊരുത്തപ്പെടാത്ത ജീവജാലങ്ങളെ കേരളത്തിലെ കാടുകളിൽ നിന്ന് മുൻഗണനാ ക്രമത്തിൽ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി 2022- 23ൽ നടപ്പാക്കും!'
നയപ്രഖ്യാപന പ്രസംഗത്തിലെ ഈ വരി വായിച്ചാൽ തോന്നും പല ജിവജാലങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന്. ഏന്നാൽ, കാര്യം അതല്ല. ഇംഗ്ലീഷിൽ തയ്യാറാക്കിയ പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് കാരണം. വനം മന്ത്രിയുടെ ഓഫീസ് ഇത് സമ്മതിക്കുകയും ചെയ്തു.
മറ്റ് രാജ്യങ്ങളിൽ നിന്നെത്തി പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ആഫ്രിക്കൻ മുഷി, വിട്ടിൽ, ഒച്ച് തുടങ്ങിയവയെ ഇല്ലാതാക്കുന്ന പദ്ധതിയാണ് ഉദ്ദേശിച്ചത്. eradication of prioritized invasive alien species from the forests of Kerala എന്നാണ് ഇംഗ്ളീഷ് പ്രസംഗത്തിൽ എഴുതിയിരുന്നത്. 161-ാമത്തെ ഖണ്ഡികയിൽ ഗവണർ വായിക്കാതെ വിട്ട ഭാഗത്താണ് ഈ വിവരണമുള്ളത്.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അക്കേഷ്യ പോലുള്ള മരങ്ങളെ നീക്കുന്നതിനെ കുറിച്ചും വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനെ കുറിച്ചും അടുത്ത ഖണ്ഡികകളിൽ പറയുന്നുണ്ട്.