murder

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ പ്രതി രാജേന്ദ്രനെ ഇന്നലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പേരൂർക്കടയിൽ ജോലി ചെയ്തിരുന്ന ടീ സ്റ്റാളിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ താമസസ്ഥലത്ത് കത്തി സൂക്ഷിച്ചിട്ടുള്ളതായി വെളിപ്പെടുത്തിയത്. തുടർന്ന് രാജേന്ദ്രനുമായി താമസസ്ഥലത്തെത്തിയ പൊലീസ് ഉപയോഗശൂന്യമായ വാഷ് ബേസിന്റെ മാലിനജലം ഒഴുകുന്ന പൈപ്പിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തി കണ്ടെത്തുകയായിരുന്നു. കസ്റ്റ‌ഡിയിലെടുത്ത കത്തി കോടതിയിൽ ഹാജരാക്കിയശേഷം കോടതിമുഖേന ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സജികുമാർ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകളെല്ലാം ശേഖരിക്കുകയും ചോദ്യംചെയ്യൽ പൂർത്തിയാകുകയും ചെയ്ത സാഹചര്യത്തിൽ രാജേന്ദ്രനെ കൊവിഡ് പരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷം ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും കത്തി ഉൾപ്പെടെ പ്രധാന തെളിവുകളും തൊണ്ടിമുതലും രാജേന്ദ്രന്റെ ഷർട്ടുമെല്ലാം കണ്ടെത്താൻ കഴിഞ്ഞതോടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിക്കുകയാണ് ഇനി പൊലീസിന്റെ ദൗത്യം.

 പൈപ്പിൽ ഒളിപ്പിക്കൽ സ്ഥിരം ശൈലി

കവർച്ചാമുതലും ആയുധങ്ങളും പൈപ്പിൽ ഒളിപ്പിക്കുന്നത് രാജേന്ദ്രന്റെ സ്ഥിരം ശൈലിയാണ്. പൈപ്പുകളുടെ ദ്വാരങ്ങൾ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ലെന്നതാണ് കാരണം. വിനിതയെ കൊലപ്പെടുത്തിയശേഷം ഉള്ളൂരിലെത്തിയ രാജേന്ദ്രൻ അവിടെനിന്ന് തിരികെ റൂമിലെത്തിയാണ് കത്തി പൈപ്പിൽ ഒളിപ്പിച്ചത്. വിനിതയുടെ മാലയുടെ ചുട്ടിയും മാല പണയപ്പെടുത്തിയ രസീതും തമിഴ്നാട്ടിൽ അഞ്ചുഗ്രാമത്തിലെ താമസസ്ഥലത്ത് രാജേന്ദ്രൻ സൂക്ഷിച്ചതും പൈപ്പിനുള്ളിലായിരുന്നു. ഇതിൽ പണയ രസീത് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞെങ്കിലും മാലയിലെ ചുട്ടി കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിൽ താലിയും വിവാഹമോതിരവും പണയമുതലുകളായി സ്വീകരിക്കാത്തതിനാലാണ് രാജേന്ദ്രൻ മാലയുടെ ചുട്ടി ഇളക്കി മാറ്റിയശേഷം പണയപ്പെടുത്തിയത്. രക്തക്കറ പുരണ്ട ഷർട്ട് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുമെന്ന് കരുതി അത് ആലപ്പുറം കുളത്തിൽ ഉപേക്ഷിച്ച രാജേന്ദ്രൻ സംഭവസമയത്തെ മറ്റ് വസ്ത്രങ്ങൾ ടീഷോപ്പിലെ ആഹാര അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന വേസ്റ്റ് ബോക്സിൽ തള്ളി. ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്ന ഏജൻസികൾ ഇത് അടുത്തദിവസം കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഏജൻസികളുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പ് വരുത്താനാണ് പൊലീസിന്റെ ശ്രമം.