
സ്വകാര്യ വ്യവസായ പാർക്കുകൾ
 സർക്കാരിന് പുകഴ്ത്തൽ, കേന്ദ്രത്തിന് വിമർശനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പുതുവർഷത്തെ നയപ്രഖ്യാപനം ഒപ്പുവയ്ക്കാൻ വൈകിച്ച് കോളിളക്കമുണ്ടാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർക്കാരിനെ പ്രകീർത്തിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനത്തെ വിമർശിച്ചുമുള്ള നയപ്രഖ്യാപനം ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു.
ഗവർണറും സർക്കാരും ഒത്തുകളിക്കുന്നെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ബഹിഷ്കരിച്ചു. ഗവർണറോടുള്ള നീരസം വ്യക്തമാക്കുമാറ് ഭരണപക്ഷം നിസ്സംഗരായിരുന്നു.
പ്രതിഷേധ കാരണം വിവരിക്കാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ഗവർണർ കൈചൂണ്ടി ക്ഷോഭിച്ചു. ഗവർണറുടെ അപ്രീതിക്ക് പാത്രമായി പൊതുഭരണവകുപ്പിൽ നിന്ന് മാറ്റപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ഇരുന്നതും ശ്രദ്ധേയമായി.
സിൽവർ ലൈൻ സഞ്ചാര വേഗതയും യാത്രാസുഖവും വർദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിലും വികസനവും ഉത്തേജിപ്പിക്കുന്ന ഹരിത പദ്ധതിയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കേന്ദ്രാനുമതി എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും.
കൊവിഡ് വാക്സിനേഷനിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളെയും പ്രകീർത്തിച്ചു. സംസ്ഥാനങ്ങൾക്ക് വിഭവം നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ നയത്തിലുണ്ടായ മാറ്റമാണ് സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയതെന്ന് വിമർശിക്കുകയും ചെയ്തു.
ഒരു മണിക്കൂറും ആറുമിനിറ്റുമെടുത്ത് പ്രസംഗം പൂർത്തിയാക്കിയ ഗവർണർ കേന്ദ്രത്തിനെതിരായ പരാമർശങ്ങളടക്കം അതുപോലെ വായിച്ചു. 82 പേജിൽ ഇടയ്ക്കുള്ള 43 പേജുകൾ സ്പീക്കറുടെ അനുമതിയോടെ വായിക്കാതെ വിട്ടു.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഗവർണറുമൊത്തുള്ള പതിവ് ഫോട്ടോസെഷൻ മാറ്റിയതായി സഭ പിരിയാൻനേരം സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
20 ലക്ഷം തൊഴിലവസരം
 അഭ്യസ്തവിദ്യർക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ
 തദ്ദേശസ്ഥാപനങ്ങളിലൂടെ 1000ൽ പേർക്ക് 5 തൊഴിൽ
 മുല്ലപ്പെരിയാർ സംഭരണശേഷി കൂട്ടാൻ അനുവദിക്കില്ല
 പുതിയ അണക്കെട്ടിന് നിർദ്ദേശം
 പാർപ്പിടം അവകാശമായി അംഗീകരിച്ച് പാർപ്പിടനയം
 ഭൂരഹിതർക്കും അർഹരായവർക്കും പട്ടയം
 മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും സ്നേഹതീരം വായ്പ
 അസംഘടിത തൊഴിലാളികൾക്ക് പേഴ്സണൽ അഷ്വറൻസ്
 നിശ്ചിതനിലവാരമുറപ്പാക്കാൻ ഫോക്കസ് സ്കൂൾ