
വിഴിഞ്ഞം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റുകൾ 21ന് മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 9 വർഷത്തെ ദുരിതത്തിന് അറുതി വരികയാണ്. വിഴിഞ്ഞം മതിപ്പുറം പട്ടാണി കോളനിയിൽ നാലുനില ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്.
രാജീവ് ആവാസ് യോജനാ പദ്ധതിയുടെ ഭാഗമായാണ് 320 ഫ്ലാറ്റുകൾ നിർമ്മിച്ചത്. കേന്ദ്രസർക്കാരിന്റെ 40 ശതമാനവും സംസ്ഥാനത്തിന്റെ 50 ശതമാനവും നഗരസഭയുടെ 10 ശതമാനവും ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്. ഒരു മുറിയും അടുക്കളയും ഹാളും ബാത്റൂമും അടങ്ങുന്നതാണ് ഫ്ളാറ്റ്. വൈദ്യുതി ബന്ധം ഫ്ലാറ്റ് എന്നിവയുടെ കണക്ഷൻ നൽകി.
ഓരോ കുടുംബത്തിനും പ്രത്യേകം വൈദ്യുത കണക്ഷനും കുടിവെള്ള കണക്ഷനും നൽകി.
മുഴുവൻ പണിയും പൂർത്തിയാക്കിയാണ് ഫ്ളാറ്റുകൾ കൈമാറുന്നത്. സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ഹെൽത്ത് സെന്റർ, അങ്കണവാടി, കളിസ്ഥലം എന്നിവയും ഭാവിയിൽ ഒരുക്കും.
ഗുണഭോക്തൃ വിഹിതത്തിലും ധാരണ
അവകാശികളായ കുടുംബങ്ങളിൽ ഒരു വിഭാഗം വിഴിഞ്ഞം ഹാർബർ റോഡിലെ വലിയ പറമ്പ് മരുന്നു തോട്ടം വളപ്പിലെ താത്കാലിക ഷെഡിൽ താമസിക്കുകയാണ്. ബാക്കിയുള്ളവർ വാടക വീട്ടിലും ബന്ധുവീടുകളിലുമാണ്. ഫ്ലാറ്റ് ലഭിക്കണമെങ്കിൽ അതത് അവകാശികൾ നഗരസഭയ്ക്ക് 54,000 രൂപ ഗുണഭോക്തൃ വിഹിതമായി നൽകണം. ഇതിനുള്ള തുക കണ്ടെത്താൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് മേയറുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക യോഗത്തിൽ ഗുണഭോക്തൃവിഹിതം നൽകാൻ കഴിയാത്ത കുടുംബങ്ങൾക്ക് കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് നൽകും. തുക നൽകാൻ പ്രാപ്തിയുള്ളവരിൽ നിന്ന് സ്വീകരിക്കാനുമാണ് തീരുമാനം. വായ്പയായി നൽകുന്ന തുകയിൽ നിന്ന് പ്രതിമാസം 2000 രൂപ വച്ച് കുടുംബശ്രീയിൽ തിരിച്ചടക്കണമെന്നുമാണ് വ്യവസ്ഥ. അവകാശികൾ ഇത് അംഗീകരിക്കുകയായിരുന്നു.
11 ബ്ലോക്കുകൾ ഇതിൽ 9 ട്വിൻ ബ്ലോക്കും 2 സിംഗിൾ ബ്ലോക്കുകളും. ഓരോ ട്വിൻ ബ്ലോക്ക് യൂണിറ്റിൽ 32 ഫ്ളാറ്റുകൾ. സിംഗിൾ ബ്ലോക്കിൽ 16 ഫ്ളാറ്റുകൾ ആകെ 320 ഫ്ളാറ്റുകൾ.
നാല് നില ഫ്ളാറ്റിൽ കയറുന്നത് ബുദ്ധിമുട്ടാകും. ലിഫ്ട് സ്ഥാപിക്കാത്തതിനാൽ വൃദ്ധർ ഉൾപ്പെടെയുള്ളവർക്ക് മുകളിൽ എത്തിപ്പെടാൻ പടികൾ കയറേണ്ടിവരുമെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
കേന്ദ്രസർക്കാരിന്റെ 40 ശതമാനവും സംസ്ഥാനത്തിന്റെ 50 ശതമാനവും നഗരസഭയുടെ 10 ശതമാനവുമാണ് ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി വിഹിതമായി വിനിയോഗിച്ചിരിക്കുന്നത്.