
തിരുവനന്തപുരം: ചാല സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ റെക്കാഡ് റൂമിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന 6,660രൂപയും രണ്ട് കുപ്പി വിദേശ മദ്യവും പിടികൂടി. ആധാരമെഴുത്തുകാരിൽ നിന്നും രജിസ്റ്റർ ചെയ്യാനെത്തുന്നവരിൽ നിന്നും ജീവനക്കാർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈ.എസ്.പി അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ബുധനാഴ്ച വൈകിട്ട് 4.50 നാരംഭിച്ച പരിശോധന രാത്രി11വരെ നീണ്ടു. ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള പരിശോധനയായതിനാൽ ഉച്ചയ്ക്ക്ശേഷം ലഭിച്ച പണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്നാണ് വിജിലൻസിന്റെ കണക്കൂകൂട്ടൽ. ദിവസം കുറഞ്ഞത് പതിനായിരം രൂപയിലധികം കൈക്കൂലിയായി ഇവിടെ പിരിയാറുണ്ട്. അതുകൊണ്ടുതന്നെ ഉച്ചവരെയുള്ള കൈക്കൂലി എവിടെപ്പോയി എന്നും അന്വേഷിക്കുന്നുണ്ട്.
സത്യവാങ്മൂലത്തിൽ കൈവശമുണ്ടെന്ന് പറഞ്ഞതിലും കൂടുതൽ പണമാണ് ചില ജീവനക്കാരിൽ ഉണ്ടായിരുന്നത്. ട്രഷറിയിൽ പണം ഒടുക്കാൻ പോകും വഴി തകരപ്പറമ്പിലെ ബെവ്കോ ഔട്ട്‌ലറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. ജീവനക്കാരുടെ വൈകിട്ടത്തെ പതിവ് ആഘോഷത്തിനാണ് മദ്യം വാങ്ങിയതെന്നും വിജിലൻസ് കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ച് ഏജന്റുമാർ ഓഫീസിൽ കയറിയിറങ്ങുന്നതും സേവന ഫീസ് വിവരങ്ങൾ ഓഫീസിൽ പ്രദർശിപ്പിക്കാതെ കൂടുതൽ പണം പിരിച്ച് ഉദ്യോഗസ്ഥരും ഏജന്റുമാരും വീതം വയ്‌ക്കുന്നതായും കണ്ടെത്തി.
ഓഫീസ് ചുമതലയുള്ള ജീവനക്കാരി മുമ്പും പണം തിരിമറി സംബന്ധിച്ച് അന്വേഷണം നേരിട്ടയാളാണെന്ന് ഡിവൈ.എസ്.പി അജയകുമാർ വെളിപ്പെടുത്തി. ജീവനക്കാരുടെ സർവീസ് വിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് വെളിപ്പെടുത്തി.
ഭരിക്കുന്നത് ഇൻചാർജ്
'ഒപ്പിന് കുപ്പി" എന്ന ജഗതി ശ്രീകുമാർ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം അഴിമതിയിൽ മുങ്ങുമ്പോഴാണ് ചാല സബ് രജിസ്ട്രാർ ഓഫീസിന് വിജിലൻസിന്റെ പിടിവീണത്. മാസങ്ങളായി കളക്ടറേറ്റിലെ കൊവിഡ് കൺട്രോൾ റൂമിന്റെ ചുമതലയിലാണ് സബ് രജിസ്ട്രാർ. ഇൻചാർജുണ്ടായിരുന്ന സൂപ്രണ്ടും കൂട്ടാളികളുമാണ് ഓഫീസിനെ അഴിമതിക്കയമാക്കിയത്.
ഫ്ളാറ്റുകൾ, വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ കൈക്കൂലി കൈപ്പറ്റിയത്. ആധാരം രജിസ്റ്ററാക്കാനുള്ളവരോട് ഉദ്യോഗസ്ഥർക്കുവേണ്ടി എഴുത്തുകാരും വിലപേശി. പണമുണ്ടെങ്കിലേ കാര്യം നടക്കൂ എന്നായപ്പോഴാണ് നാട്ടുകാരിൽ ചിലർ വിവരം വിജിലൻസിനെ അറിയിച്ചത്. തുടർന്ന് രണ്ട് മാസമായി ഇവിടം വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.