governer

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 'ഗോ ബാക്ക്' വിളികളോടെയാണ് പ്രതിപക്ഷം വരവേറ്റത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമൊപ്പം ഗവർണർ സഭാ അങ്കണത്തിലേക്ക് കയറിയ ഉടൻ പ്രതിപക്ഷ എം.എൽ.എമാർ ഗോ ബാക്ക് വിളിച്ചു. അതൃപ്തി പ്രകടിപ്പിക്കാതെ കൈക്കൂപ്പി ഗവർണർ നേരെ ഡയസിലേക്ക്. തൊട്ടുപിന്നാലെ ദേശീയ ഗാനം മുഴങ്ങിയതോടെ പ്രതിപക്ഷം നിശബ്ദരായി.

ദേശീയ ഗാനം അവസാനിച്ചയുടൻ 'ഗോ ബാക്ക്' വിളി കൂടുതൽ ഉച്ചത്തിലായി. ഗവർണർ അതോടെ പ്രതിപക്ഷത്തിനുനേരെ വിൽചൂണ്ടി ക്ഷോഭിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

'എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സഭയിൽ അവസരമുണ്ട്. പ്രതിഷേധിക്കേണ്ട സമയം ഇതല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ്' ഗവർണർ പറഞ്ഞു.

ഇതിനു ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കിമിട്ടത്. നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ മുദ്രാവാക്യം വിളിച്ചും പ്ളക്കാർ‌ഡുകൾ ഉയർത്തിയും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

2020 ജനുവരി 29നും 2021 ജനുവരി 8നും നടന്ന നയപ്രഖ്യാപന പ്രസംഗവും പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.

നിയമവിരുദ്ധ കാര്യങ്ങൾക്ക്

ഗവർണറുടെ കൂട്ട്: സതീശൻ

സർക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. കണ്ണൂർ വി.സി നിയമനത്തിന് കൂട്ടുനിന്നു. അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓർഡിനൻസിലും ഒപ്പുവച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി ഗൂഢാലോചന നടത്തിയ ഗവർണർ ഒപ്പുവയ്ക്കുകയായിരുന്നു. ഗവർണർ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഏജന്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്. രാജ്ഭവനിൽ ആദ്യമായി ബി.ജെ.പി നേതാവിനെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെടുകയും സർക്കാർ അതിന് കൂട്ടു നിൽക്കുകയും ചെയ്തു. മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കാനുള്ള ബാദ്ധ്യത ഗവർണർക്കുണ്ടായിരിക്കേ അനാവശ്യ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി. പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയിൽ വച്ചു കൊണ്ടാണ് സർക്കാർ കീഴടങ്ങിയതെന്നും സതീശൻ പറഞ്ഞു.

സർക്കാരും ഗവർണറും രണ്ട് അധികാര കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.