
ബാലരാമപുരം: നബാർഡിന്റെ സഹായത്തോടെ ബാലരാമപുരം, പള്ളിച്ചൽ, വിളവൂർക്കൽ സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബാലരാമപുരത്ത് 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് നാല് വർഷം കഴിഞ്ഞിട്ടും ബാലരാമപുരത്തുകാർക്ക് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. നാൽപ്പതിനായിരത്തോളം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പഞ്ചായത്തിലെ 20 വാർഡുകളിലും പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ട് വർഷങ്ങൾ ആയി. റെയിൽവെ ലൈൻ കടന്നുപോകുന്ന മുക്കമ്പാലമൂട് തുരങ്കത്തിന് മീതെ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ റെയിൽവെ അനുമതി നൽകാത്തത്തിനാലാണ് പദ്ധതി അനിശ്ചിതമായി നീളുന്നത്. ഈ ഭാഗത്ത് 60 മീറ്ററോളം ഭാഗത്ത് പൈപ്പ്‌ലൈൻ സ്ഥാപിച്ചാൽ മാത്രമേ ചൂഴാറ്റുകോട്ടയിൽ നിന്നും മൊട്ടമൂട് ടാങ്കിലേക്കും അവിടെ നിന്നും വണിഗർ തെരുവിലെ നിർമ്മാണം പൂർത്തിയായ കൂറ്റൽ ടാങ്കിലേക്കും കുടിവെള്ളമെത്തിക്കാൻ സാധിക്കുകയുള്ളൂ. എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, റെയിൽവെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ റെയിൽവേയിൽ നിന്നും ഇതുവരെയും അനുമതിയായിട്ടില്ല.
ഈ വിഷയത്തിൽ മാസങ്ങൾക്ക് മുമ്പ് ചർച്ച നടത്തിയെങ്കിലും പദ്ധതിയുടെ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പും പാഴ്‌വാക്ക് ആവുകയായിരുന്നു. സംസ്ഥാനസർക്കാർ റെയിൽവേക്ക് നൽകാനുള്ള ഭീമമായ കുടിശ്ശികയ്ക്ക് പുറമേ സുരക്ഷാമാനദണ്ഡങ്ങൾ കണക്കിലെടുത്തുമാണ് സാങ്കേതിക അനുമതി റെയിൽവേ നിഷേധിച്ചിരിക്കുന്നത്. 12 കോടിയോളം രൂപവരെയാണ് ഇതുവരെയുള്ള കുടിശ്ശികയായി റെയിൽവേ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
ബാലരാമപുരം പഞ്ചായത്ത് നിവാസികൾ ആറാലുംമൂട് വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. വേനൽ കടുത്തതോടെ ഗ്രാമീണമേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കുടിവെള്ള ദൗർലഭ്യം വർദ്ധിച്ചതോടെ വണിഗർ തെരുവിലെ താമസക്കാർ കന്നാസുകളിലും ചെറിയ ടാങ്കിലും കുടിവെള്ളം ശേഖരിക്കുകയാണ്. വാട്ടർ അതോറിട്ടിയിൽ നിന്നും പമ്പിംഗും അടിക്കടി തടസ്സപ്പെടുകയാണ്.
തിരുവനന്തപുരം –കന്യാകുമാരി റെയിൽവെപാത ഇരട്ടിപ്പിക്കൽ നടപടി പുരോഗമിക്കുന്നതോടെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരമായേക്കുമെന്നാണ് സൂചന. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാനും റെയിൽവെ അനുമതി നൽകിയേക്കും. വീണ്ടും മാസങ്ങളോളം കാത്തിരുന്നാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയൂ. ജലവിഭവ വകുപ്പ് അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബാലരാമപുരം പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.