
തിരുവനന്തപുരം: ആറ് വർഷമായി രാജ്ഭവനിൽ പി.ആർ.ഒ ആയ എസ്.ഡി. പ്രിൻസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിയുന്നത് വരെ പുനർനിയമനം നൽകി ചീഫ്സെക്രട്ടറി ഉത്തരവിട്ടു. സർവീസിൽ നിന്ന് വിരമിച്ച പ്രിൻസിന് പുനർനിയമനം ആവശ്യപ്പെട്ട് ഒന്നര വർഷം മുമ്പ് രാജ്ഭവൻ കത്തെഴുതിയിരുന്നു. സർക്കാർ ഉത്തരവിറക്കിയില്ല. നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാതെ ഗവർണർ ഇടഞ്ഞതോടെയാണ് ചീഫ്സെക്രട്ടറി ഉത്തരവിറക്കിയത്.
കേരള സർവകലാശാലാ പി.ആർ.ഒ ആയിരുന്ന പ്രിൻസിനെ ഡെപ്യൂട്ടേഷനിലാണ് 2016 മാർച്ച് രണ്ടിന് രാജ്ഭവനിൽ പി.ആർ.ഒ ആയി നിയമിച്ചത്. രാജ്ഭവനിലിരിക്കെ, 2020 മേയ് 31ന് വിരമിച്ച ശേഷമാണ് അദ്ദേഹത്തിന് പുനർനിയമനത്തിന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്തെഴുതിയത്.
പുനർനിയമനം വൈകിയതോടെ രാജ്ഭവനിൽ നിന്ന് ഓണറേറിയം വാങ്ങിയാണ് പ്രിൻസ് പ്രവർത്തിച്ചുവന്നത്. സർക്കാരുമായി ഗവർണർ ഇടഞ്ഞതോടെയാണ് പഴയ ഫയലിന് അനക്കം വച്ചത്.