
തിരുവനന്തപുരം: സി.പി.എമ്മിന്റെ ക്രൂര മർദ്ദനത്തിലാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20 പ്രവർത്തകൻ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. വിളക്കണയ്ക്കൽ സമരത്തിന് ആഹ്വാനം നൽകിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയിൽ കടന്ന് സി.പി.എം പ്രദേശിക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ദീപുവിനെ മർദ്ദിച്ചത്. എം.എൽ.എയ്‌ക്കെതിരെ വിളക്കണയ്ക്കൽ സമരം നടത്തിയതിന് ക്രൂരമായ ആക്രമണമാണ് സി.പി.എം നടത്തിയത്.
വെന്റിലേറ്ററിൽ കിടക്കുന്നയാൾ പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെന്ന സ്ഥലം എം.എൽ.എയുടെയും സി.പി.എമ്മിന്റെയും വാദം ബാലിശമാണ്.
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്.
ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ യൂണിവേഴ്‌സിറ്റി കോളജിൽ എസ്.എഫ്.ഐ ആക്രമണം നടത്തി. ചവറ, ശാസ്താംകോട്ട കോളജുകളും എസ്.എഫ്.ഐ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ആരും ചോദ്യം ചെയ്യാൻ പാടില്ലെന്ന ധിക്കാരമാണ് സി.പി.എമ്മിനെന്നും സതീശൻ പറഞ്ഞു.