
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സമ്മർദ്ദതന്ത്രം പയറ്റിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും, ഗവർണർക്ക് മുന്നിൽ വഴങ്ങിക്കൊടുത്തതിന് സംസ്ഥാന സർക്കാരിനെയും വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് നടപടികളും ശരിയായില്ലെന്ന് മാദ്ധ്യമങ്ങളോട് കാനം തുറന്നടിച്ചു. ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്കു നിറുത്തണമെന്ന് സി.പി.ഐ മുഖപത്രവും മുഖപ്രസംഗത്തിലൂടെ പറഞ്ഞു.
രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ കാര്യമാണെന്ന് ജനങ്ങൾക്ക് തോന്നുന്നില്ലെന്ന് കാനം പറഞ്ഞു. ഭരണഘടനാ ബാദ്ധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് വില കുറഞ്ഞതായിപ്പോയി. അതിന് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ല. ഉദ്യോഗസ്ഥനെ മാറ്റുകയോ മാറ്റാതിരിക്കുകയോ എന്നതല്ല., ഭരണഘടനാബാദ്ധ്യത നിറവേറ്റുകയാണ് ഗവർണറുടെ ചുമതല.നയപ്രഖ്യാപന പ്രസംഗത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അദ്ദേഹത്തിന് പറയാം. പക്ഷേ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അപ്പടി വായിക്കാനും അംഗീകരിക്കാനും ഗവർണർക്ക് ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയതിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ, അദ്ദേഹം എന്തിന് പോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു കാനത്തിന്റെ മറുപടി.
ഗവർണർമാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണത്തിലും, പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താൻ മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് സി.പി.ഐ മുഖപത്രം കുറ്റപ്പെടുത്തി. പ്രതിപക്ഷ സർക്കാരുകളുള്ള സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്ര സർവാധിപത്യം സ്ഥാപിക്കാനുള്ള ഗവർണർമാരുടെ സാഹസിക ശ്രമങ്ങൾ ഭരണഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവർണർ പദവി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനമല്ല. മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ഹീനശ്രമങ്ങൾ സംസ്ഥാനങ്ങളിലെ പ്രതിപക്ഷസർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്ത് പരാജയപ്പെടുത്തണം.
കൂടിയാലോചിക്കാത്തതിൽ അതൃപ്തി
ഇടതുസർക്കാർ ഭരണഘടനാ പ്രതിസന്ധി നേരിട്ടപ്പോൾ മുന്നണി നേതൃത്വത്തിൽ കൂടിയാലോചന നടത്താതിരുന്നതിൽ സി.പി.ഐക്ക് അതൃപ്തിയുണ്ട്. രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അനുനയത്തിന് പോകേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് സി.പി.ഐക്ക്. സർക്കാരിന്റെ നയപ്രഖ്യാപനം അംഗീകരിക്കുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നിരിക്കെ ,സർക്കാരിന്റെ ഭാഗത്ത് നിന്ന് അനാവശ്യമായ വിട്ടുവീഴ്ചയാണുണ്ടായത്. ഗവർണറുടെ ഭരണഘടനാബാദ്ധ്യത ലംഘനം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റണമായിരുന്നുവെന്ന അഭിപ്രായം സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്കുണ്ടെന്നാണ് സൂചന.
പ്രതിപക്ഷ വാദങ്ങൾക്ക്ശക്തി പകരുന്നതാണ് സി.പി.ഐയുടെ വിമർശനങ്ങൾ: വി.ഡി. സതീശൻ
സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾ സത്യസന്ധമാണെന്ന് ശരി വയ്ക്കുന്നതാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.പി.സി.സിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോകായുക്ത ഓർഡിനൻസ് ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തിൽ സർക്കാരിന്റ അഴിമതി മുഖത്തേക്ക് ജനങ്ങൾ തുറിച്ചു നോക്കുകയാണെന്നും പ്രതിപക്ഷത്തിന് വിശ്വാസ്യത കൂടിവരികയാണെന്നുമാണ് കാനം പറഞ്ഞത്.
മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിറുത്തലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടൂവെന്ന് ഗവർണർ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവർ ചില ആവശ്യങ്ങൾ ഉന്നയിക്കുന്നതു പോലെയാണ്. എന്നാൽ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സർക്കാരിന് മനസിലായില്ല. അതുകൊണ്ടാണ് സർക്കാർ ഗവർണറുടെ ഭീഷണിക്ക് വഴങ്ങിയത്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാദ്ധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടേത് നാണംകെട്ട കീഴടങ്ങൽ: ആർ.എം.പി.ഐ
നയപ്രഖ്യാപന പ്രസംഗത്തിനുള്ള അംഗീകാരത്തിനായി ഗവർണറുടെ മുന്നിൽ മുഖ്യമന്ത്രി നാണംകെട്ട രീതിയിൽ കീഴടങ്ങിയത് അപഹാസ്യമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു കുറ്റപ്പെടുത്തി. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ ബാദ്ധ്യതയുള്ള ഗവർണർ അതുചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാനാവില്ല. രാജ്ഭവൻ ബി.ജെ.പി യുടെ രാഷ്ട്രീയപ്രചാരണ കേന്ദ്രമായി മാറ്റിയ അരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി ജനാധിപത്യസംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു